യുവതീയുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ കടത്തുന്നു ; മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി യുവതീയുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ മ്യാൻമർ, തായ്‌ലന്റ് അതിർത്തിയിലേക്കും മറ്റും കടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇവരെ വിവിധതരം ഓൺലൈൻ തട്ടിപ്പുകൾക്കും നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിച്ചുവരുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഈ വിവരം ലഭിച്ചയുടൻ മ്യാൻമർ യാത്രാപ്രശ്‌നം മുൻനിർത്തിയുള്ള മാർഗനിർദേശങ്ങളും മുന്നറിയിപ്പും കേരളത്തിലുടനീളം നോർക്കാറൂട്ടസ് നൽകിയിട്ടുണ്ട്. വിഷയം മ്യാൻമറിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
തട്ടിപ്പ് തടയാനും വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാരെ കണ്ടെത്താനും നവമാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾ തടയാനും ഫലപ്രദമായ നടപടി പൊലിസ് സ്വീകരിച്ചിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് പൊലിസ് മേധാവി റിസർവ് ബാങ്ക് ഗവർണർക്കും ഇന്ത്യൻ സൈബർ സെൽ കോർഡിനേഷൻ സെന്ററിനും അയച്ചുകൊടുത്ത് തുടർനടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.