തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. അഭിരാമിയുടെ ആത്മഹത്യയില്‍ മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം ആരംഭിച്ചു.അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന്് വ്യക്തമല്ല. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പരിശോധിക്കും. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളജിന് സമീപമുള്ള ഫ്‌ളാറ്റില്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് അഭിരാമിയെ കിട്ടാതെ വന്നതോടെ താഴത്തെ നിലയില്‍ താമസിക്കുന്നവരുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ എത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയിലായ ഡോക്ടറെ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസവും അഭിരാമി ഒപിയില്‍ ജോലിക്ക് എത്തിയിരുന്നു. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.