വനിതാ ടി20 ലോകകപ്പിന് ഇന്നുതുടക്കം
ദുബൈ: പുരുഷന്‍മാര്‍ക്ക് പിന്നാലെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടാന്‍ ഇന്ത്യന്‍ വനിതകളും. ഒമ്പതാം എഡിഷന്‍ വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഇന്നു മുതല്‍ ദുബൈ മണ്ണില്‍ അരങ്ങുതകര്‍ക്കും. ഇന്നു തുടങ്ങി 18 ദിനം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് 20ന് പര്യവസാനം. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നീ രണ്ട് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നേരത്തേ ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതെങ്കിലും രാജ്യത്ത് ഈയിടെയുണ്ടായ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ദുബൈയിലേക്ക് മാറ്റുകയായിരുന്നു. ഉദ്ഘാടനം അരങ്ങേറുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തന്നെയാണ് കലാശക്കളിയും. നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം വച്ചാണ് കളത്തിലിറങ്ങുന്നതെങ്കില്‍ കന്നി കിരീടത്തിലാണ് ഇന്ത്യയടക്കമുള്ള പ്രമുഖ ടീമുകളുടെ നോട്ടം.
ഇന്ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് സ്‌കോട്ട്‌ലന്‍ഡിനെയും രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെയും നേരിടും.
എ,ബി ഗ്രൂപ്പുകളിലായി അഞ്ചു ടീമുകള്‍ വീതമാണ് മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഹര്‍മന്‍പ്രീത് നയിക്കുന്ന ഇന്ത്യന്‍ ടീം നാളെ ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ശക്തരായ ന്യൂസിലന്‍ഡാണ് എതിരാളി. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഇവരെ കൂടാതെ മൂന്ന് ട്രാവലിങ് റിസര്‍വുകളെയും രണ്ട് നോണ്‍ ട്രാവലിങ് റിസര്‍വുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്ക് കടുകട്ടി
ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഓരോ കളിയും പ്രധാനമാണ്. നിലവിലെ ലോകകപ്പ് ചാംപ്യന്‍മാരായ ആസ്‌ത്രേലിയയ്‌ക്കൊപ്പം ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും ന്യൂസിലന്‍ഡും പാകിസ്ഥാനും എ ഗ്രൂപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ് ടീമുകളാണ് ബി ഗ്രൂപ്പില്‍ സ്ഥാനം പിടിച്ചത്.
മിന്നിത്തിളങ്ങാന്‍ ആശയും സജനയും
ദുബൈ: ഇന്ന് ദുബൈ മണ്ണില്‍ പുതിയ ചാംപ്യന്‍മാരെ തേടി ടി20 വനിതാ ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുമ്പോള്‍ രണ്ട് മലയാളി താരങ്ങള്‍ സ്വപ്‌നതുല്യമായ നേട്ടത്തിന്റെ നെറുകയിലാണ്. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശിയായ ആശ ശോഭനയും. 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതില്‍ ഇരുവരും ഉള്‍പ്പെട്ടത് കേരളത്തിന് ചരിത്രനേട്ടമാണ്. ഒരു ലോകകപ്പില്‍ ഇന്ത്യക്കായി രണ്ട് മലയാളി വനിതാ താരങ്ങള്‍ കളിക്കുന്നത് ഇതാദ്യമെന്നതു തന്നെ കാര്യം. വനിതാ പ്രീമിയര്‍ ലീഗിലൂടെയാണ് ഇരുവരും ലോകകപ്പ് ടീമിലെത്തുന്നത്. സജന സജീവന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചപ്പോള്‍ ആശാ ശോഭന ഇത്തവണ കിരീടമണിഞ്ഞ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായും കളത്തിലിറങ്ങിയിരുന്നു.
ഗ്രൂപ്പ് എ
ഇന്ത്യ
ആസ്‌ത്രേലിയ
ശ്രീലങ്ക
ന്യൂസിലന്‍ഡ്
പാകിസ്ഥാന്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
വെസ്റ്റ് ഇന്‍ഡീസ്
ദക്ഷിണാഫ്രിക്ക
ബംഗ്ലാദേശ്
സ്‌കോട്‌ലന്‍ഡ്
സന്നാഹത്തില്‍ ഇന്ത്യക്ക് ഫുള്‍മാര്‍ക്ക്
നദുബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ പരാജയമറിയാതെ ഇന്ത്യന്‍ വനിതകള്‍. ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ, കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിനും വീഴ്ത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ആറു വിക്കറ്റിന് 116 റണ്‍സില്‍ അവസാനിച്ചു. ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യക്കായി റിച്ച ഘോഷ് (25 പന്തില്‍ 36), ദീപ്തി ശര്‍മ (29 പന്തില്‍ പുറത്താകാതെ 35), ജമീമ റോഡ്രിഗസ് (26 പന്തില്‍ 30), സ്മൃതി മന്ദാന (22 പന്തില്‍ 21) എന്നിവര്‍ തിളങ്ങി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10 റണ്‍സുമായി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അയബോങ്കെ ഖക്ക അഞ്ചു വിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ വോല്‍വാര്‍ട്ടാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മലയാളി താരം ആശാ ശോഭന രണ്ടു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ദീപ്തി ശര്‍മ, ശ്രേയങ്ക പട്ടീല്‍, ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.