പാനൂരിൽ ബിരിയാണി ചലഞ്ച് നടത്തി വനിതാ ലീഗ്
കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാലീഗിന്റെ നേതൃത്വത്തിൽ മെഗാ ബിരിയാണി ചലഞ്ച് നടത്തി. 52000 ത്തോളം ബിരിയാണികളാണ് വിൽപന നടത്തിയത്.ശിഹാബ് തങ്ങൾ ഹോസ്പേസിന്റെ ഭാഗമായി പാനൂർ സ്റ്റിംസിന്റെ (ശിഹാബ് തങ്ങൾ ഇന്നവേറ്റീവ് ഫോർ മെഴ്സി ആൻഡ് സർവീസ്) പ്രവർത്തനങ്ങൾക്കായിരുന്നു ചലഞ്ച് സംഘടിപ്പിച്ചത്.25000 ബിരിയാണിക്ക് ഓർഡർ സ്വീകരിച്ചുകൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കണം എന്ന് ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.സാന്ത്വന പരിചരണ രംഗത്ത് നാലു വർഷം മുമ്പ് സംസ്ഥാന മുസ് ലിം ലീഗ് ആസൂത്രണം ചെയ്ത പൂക്കോയ തങ്ങൾ ഹോസ് പേസ് സംസ്ഥാന തലത്തിൽ ആദ്യമായി ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ മണ്ഡലമാണ് മുസ് ലിം ലീഗ് കൂ ത്തുപറമ്പ് നിയോജക മണ്ഡലം.
ഇതിനകം രണ്ടായിരത്തോളം കിടപ്പുരോഗികൾക്ക് 24 മണിക്കൂറും പരിചരണം നൽകിയിട്ടുണ്ട് . നാലുവർഷം കൊണ്ട് 1874 രോഗികൾ സ്റ്റിംസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഏകദേശം 29000 തവണ ഡോക്ടർമാരും വളണ്ടിയർമാരും അടങ്ങുന്ന സംഘം രോഗികളെ സന്ദർശിച്ചു.നിലവിൽ 814 പേർ പരിചരണത്തിലുണ്ട്.പാനൂരിനടുത്ത് കല്ലിക്കണ്ടിയിൽ എട്ട് ഏക്കർ ഭൂമിയിൽ സ്റ്റിംസ് വില്ലേജ് എന്ന പേരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാന്ത്വന പരിചരണ കേന്ദ്രമാണ് വില്ലേജ് ലക്ഷ്യമിടുന്നത്. ഡയാലിസിസ് സെന്റർ, പൂക്കോയ തങ്ങൾ ഹോസ്പ്പേസ്, ഫിസിയോ തെറാപ്പി സെൻറർ, ജനിതക വൈകല്യമുള്ള നവജാത ശിശുക്കൾ മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് ഏർലി ഇന്റർവെൻഷൻ സെൻ്റർ, ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ, അസിസ്റ്റൻ്റ് ലിവിംഗ് സെൻ്റർ, പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി സാന്ത്വന വിദ്യാഭ്യാസ സമുച്ചയങ്ങളാണ് സ്റ്റിംസ് വില്ലേജ് വിഭാവനം ചെയ്യുന്നത്.
മുഴുവൻ സമയ അത്യാവശ്യ സാന്ത്വന പരിചരണം സ്റ്റിംസിന്റെ പ്രത്യേകതയാണ്.സ്റ്റിംസ് ചെയർ മാൻ പൊട്ടങ്കണ്ടി അബ്ദുല്ല, കൺവീനർ പി പി എ സലാം, പി കെ ഷാഹുൽ ഹമീദ്: നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ, പി കെ ഇബ്രാഹിം ഹാജി, ഡോ എൻ എ മുഹമ്മദ് റഫീഖ്, മത്തത്ത് അബ്ബാസ് ഹാജി,എം സി അൻവർ, ഇ എം ബഷീർ, ഗഫൂർ മൂലശ്ശേരി, എൻ പി മുനീർ, നൗഷാദ് അണിയാരം,ബേങ്കിൽ ഹനീഫ സെക്കീന തെക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.