ശാന്തമാകുമോ മണിപ്പൂർ ? നടപടികൾ കടുപ്പിച്ച് കേന്ദ്രം, സാഹചര്യം വിലയിരുത്താൻ അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു
ദില്ലി: മണിപ്പൂർ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ദില്ലിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം മാറ്റി വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തന്നെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ ദില്ലിയിൽ അടിയന്തര യോഗം ചേർന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കി രാജ്യ തലസ്ഥാനത്തെത്തിയ അമിത് ഷാ ദില്ലിയിൽ തുടരും. ഉന്നത ഉദ്യോഗസ്ഥരുമായി ഷാ കൂടികാഴ്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ സി ആർ പി എഫ് ഡിജി മണിപ്പൂരിലെത്താൻ തീരുമാനിച്ചു. കൂടുതൽ കേന്ദ്രസേനയെ സംഘർഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുമുണ്ട്.
അതേസമയം മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ എൻ പി പി (നാഷ്ണൽ പീപ്പിൾസ് പാർട്ടി) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് ബി ജെ പിക്ക് തിരിച്ചടിയായി. സംസ്ഥാന സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് എൻ പി പി, ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്ത് നൽകുകയായിരുന്നു. സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻ പി പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയിൽ 7 അംഗങ്ങളാണ് എൻ പി പിക്കുള്ളത്. 37 അംഗങ്ങൾ ബി ജെ പിക്കുമുണ്ട്. എൻ പി പി പിന്തുണ പിൻവലിച്ചെങ്കിലും ബിരേൻ സർക്കാരിന് അത് ഭീഷണിയാകില്ല.
കത്തുന്ന മണിപ്പൂർ, പ്രധാനമന്ത്രി എത്തണമെന്ന് രാഹുൽ ഗാന്ധി
മണിപ്പൂർ വീണ്ടും അക്ഷരാർത്ഥത്തിൽ കത്തുകയാണ്. കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ കലാപം രൂക്ഷമായത്. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാഗക്കാർ പ്രതിഷേധം ശക്തമാക്കിയത്. ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ ടിയർഗ്യാസ് പ്രയോഗിച്ചാണ് പൊലീസ് തുരത്തിയത്. മന്ത്രിമാരുടെയും എം എൽ എമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇംഫാൽ മേഖലയിലെ പള്ളികളും തീയിട്ടു. സർക്കാർ ഇടപെടൽ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻ ഐ എക്ക് കൈമാറാനാണ് പൊലീസിന് നിർദേശം. സായുധ സംഘങ്ങൾക്കെതിരെ ജനങ്ങൾക്ക് ബോധ്യപ്പെടും വിധം 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കിൽ സർക്കാറും അധികൃതരും പ്രതിഷേധച്ചൂട് അറിയുമെന്നാണ് മെയ്തെയ് സംഘടനയായ കോർഡിനേഷൻ കമ്മിറ്റി ഓഫ് മണിപ്പൂർ ഇന്റെഗ്രിറ്റിയുടെ മുന്നറിയിപ്പ്. 7 ജില്ലകളിൽ അഫ്സ്പ പുനസ്ഥാപിച്ച കേന്ദ്ര നടപടിയെയും സംഘടന വിമർശിച്ചു. നടപടി പുന പരിശോധിക്കണമെന്ന് മണിപ്പൂർ സർക്കാറും കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മണിപ്പൂരിൽ പരിഹാരം കാണുന്നതില് കേന്ദ്രസർക്കാർ സമ്പൂർണ പരാജയമാണെന്ന വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. ബി ജെ പി രാഷ്ട്രീയ താല്പര്യത്തോടെ മനപ്പൂർവം മണിപ്പൂർ കത്തിക്കുകയാണെന്നും, കലാപത്തിൽ തങ്ങളെ ഉപേക്ഷിച്ച മോദിയോട് മണിപ്പൂരിലെ ജനങ്ങൾ പൊറുക്കില്ലെന്നുമാണ് മല്ലികാർജുൻ ഖർഗെ പറഞ്ഞത്. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ആവശ്യപ്പെട്ടു.