വന്യമൃഗ ആക്രമണം: വയനാട്ടിൽ ഹര്‍ത്താൽ തുടങ്ങി
വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി തന്നെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്. അതിനിടെ മാനന്തവാടി പടമലയിൽ കർഷകനായ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ മോഴയാനയെ പിടിക്കാനുള്ള ദൗത്യം ഇന്ന് ഏഴാം ദിവസത്തിലാണ്. കഴിഞ്ഞയാഴ്ച ഇതേ ദിവസമാണ് ബേലൂർ മഖ്ന അജീഷിന്റെ ജീവനെടുത്തത്. കാടിളക്കി തെരഞ്ഞിട്ടും മയക്കുവെടിക്ക് ഉചിതമായ സാഹചര്യം കിട്ടുന്നില്ലന്നാണ് ദൗത്യസംഘം പറയുന്നത്.
ഇതിനോടകം 120 മണിക്കൂർ മോഴയാനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ പോയി. ആനയെ മയക്കുവെടി വെക്കാൻ കഴിയാത്തതിൽ നാട്ടുകാര്‍ അതൃപ്തിയിലാണ്. ഇന്നലെ പനവല്ലി എമ്മടി കുന്നുകളിൽ തമ്പടിച്ച മോഴയാന സന്ധ്യാ നേരത്ത് മാത്രമാണ് കുന്നിറങ്ങിയത്. രാവിലെ റേഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ തെരച്ചിലും വെറ്റിനറി ടീമിന്റെ കാട് കയറ്റവുമെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.