Cancel Preloader
Edit Template

തിരുവനന്തപുരം ജില്ലയില്‍ പരക്കെ വേനൽമഴ; നഗരത്തിൽ വെള്ളക്കെട്ട്

 തിരുവനന്തപുരം ജില്ലയില്‍ പരക്കെ വേനൽമഴ; നഗരത്തിൽ വെള്ളക്കെട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനൽമഴയെത്തി. തെക്കൻ കേരളത്തിലാണ് ഇന്ന് മഴ പെയ്തത്. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം ഏഴ് ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചു. ശക്തമായ മഴയിൽ നഗരത്തിന്‍റെ പലമേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ബേക്കറി ജംഗ്ഷൻ മുതൽ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ കടകളിലെല്ലാം വെള്ളം കയറി. മഴവെള്ളത്തെ ഒഴുക്കി വിടാൻ കൃത്യമായ ഓട സൗകര്യം ഇല്ലാത്തത് ആണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം കയറുന്നതിനെ തുടർന്ന് ജോലി തടസ്സപ്പെടുന്നു, ഒരുപാട് സാധനങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിക്കുന്നു തുടങ്ങിയ നിരവധി പരാതികളാണ് ഈ റോഡിന് ഇരുവശവും ഉള്ള കടക്കാർ പറയുന്നത്.

ഒരുമാസം മുമ്പ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓടകളെല്ലാം ക്ലീൻ ചെയ്തു, റോഡുകളുടെ ഇരുവശത്തും ഫുട്പാത്തുകൾ എല്ലാം ടൈൽ ഒട്ടിച്ചു. എന്നാൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം ഒഴുക്കി വിടാനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റിസർവ് ബാങ്കിന്റെ പുറകുവശത്തുള്ള കനാലിലേക്ക് ഈ ഓടകൾ തുറന്നു വിട്ടാൽ നഗരത്തിലെ ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ആകും എന്നാണ് നാട്ടുകാർ പറയുന്നത് . എന്നാൽ അധികൃതർ അത് ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ഒരു വർഷത്തിനു മേലെയായി ഇങ്ങനെയാണ് തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെ കോർപ്പറേഷനിലും എംഎൽഎയ്ക്കും എല്ലാം പരാതി നൽകിയിട്ടും കൃത്യമായ നടപടി ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കീ.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളിൽ ജില്ലകളിൽ മഴ പെയ്തിരുന്നു.

എന്നാൽ വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിയാണ് ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരിൽ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിപ്പ്. അതേസമയം വരും ദിവസങ്ങളിൽ ചൂടിന് ശമനമുണ്ടാകുമെന്നും വടക്കൻ കേരളത്തിലടക്കം മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *