തലസ്ഥാനം ആര് ഭരിക്കും? ഡല്‍ഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ മുഖ്യന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും. 27 വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി തിരിച്ചുവന്നെങ്കിലും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപിക്ക് കാലതാമസം നേരിട്ടിരുന്നു. ഇന്ന് നടക്കുന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബിജെപി കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്ഡെ, തരുണ്‍ ചങ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
നാളെയാണ് പുതിയ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ 11 മണിക്ക് രാംലീല മൈതാനിയില്‍ ചടങ്ങുകള്‍ നടക്കും. സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി ക്യാമ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മറ്റ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങിലെത്തുമാണ് പ്രതീക്ഷ.
ഇതിന് പുറമെ സിനിമ, ക്രിക്കറ്റ് മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരെയും ചടങ്ങിലെത്തിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. മുപ്പതിനായിരത്തോളം പേര് ചടങ്ങിലെത്തുമാണ് റിപ്പോര്‍ട്ട്.
ഫലം പുറത്ത് വന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷവും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ സാധിക്കാത്തത് ബിജെപി ക്യാമ്പില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം കാരണമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള പാര്‍ട്ടി തീരുമാനം വൈകുന്നതിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തിയിട്ടും മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് ഇന്ന് നിര്‍ണായക യോഗം നടക്കാന്‍ പോവുന്നത്.
മുഖ്യമന്ത്രിയെച്ചൊല്ലി ഭിന്നത ഉടലെടുത്തതോടെ ഡല്‍ഹി കേന്ദ്രീകരിച്ച് മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നിരുന്നു ന്യൂഡല്‍ഹി മണ്ഡലത്തില്‍ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, വനിതാ മുഖമായ രേഖ ഗുപ്ത, പ്രതിപക്ഷനേതാവ് സതീഷ് ഉപാദ്യായ്, മുന്‍ സംസ്ഥാന പ്രസിഡന്റും ആര്.എസ്.എസ് പ്രതിനിധിയുമായ ജിതേന്ദ്ര മഹാജന് എന്നിവരാണ് പട്ടികയിലുള്ള പേരുകള്‍.
ഡല്‍ഹിയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ആപ് 22 സീറ്റുകളിലൊതുങ്ങി. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. തുടര്‍ച്ചയായ മൂന്നാം തവണയാണ് സീറ്റൊന്നുമില്ലാതെ കോണ്‍ഗ്രസ് നിലംപരിശാവുന്നത്.
ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മിയുടെ പടനായകനുമായ അരവിന്ദ് കെജ് രിവാളിനെ മുട്ടുകുത്തിച്ചാണ് ബിജെപി ന്യൂ ദില്ലിയില്‍ തേരോട്ടം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ കുതിപ്പാണ് ബിജെപി വിജയത്തില്‍ നിര്‍ണായകമായത്. ഡല്‍ഹിയില്‍ കലാപമുണ്ടായ മേഖലകളില്‍ പോലും ബിജെപി മേല്‍ക്കൈ നേടി.