വനമേഖലയിൽ നിന്ന് വലിയ രീതിയിൽ പുക, തീ അണയ്ക്കാനെത്തിയപ്പോൾ കണ്ടത് കൊക്കയിലേക്ക് വീണ വാൻ, 12 മരണം

മെക്സിക്കോ സിറ്റി: വാൻ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. പിന്നാലെ പടർന്ന് കാട്ടുതീ. വടക്കൻ മെക്സിക്കോയിൽ ഞായറാഴ്ചയാണ് സംഭവം. യന്ത്രത്തകരാറിനെ തുടർന്ന് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് വീണ വാനിൽ തീ പടർന്നാണ് 12 പേർ കൊല്ലപ്പെട്ടത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മേഖലയിൽ വലിയ രീതിയിൽ കാട്ടുതീ പടരാൻ അപകടം കാരണമായെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ അതിർത്തിയിലുള്ള വടക്കൻ മെക്സിക്കൻ സംസ്ഥാനമായയ നുഇവോ ലിയോണിലാണ് സംഭവം. മോൺടെറിയിൽ നിന്ന് ഏറെ അകലമില്ലാത്ത ഇവിടെ വാഹനത്തിന്റെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായത്. പതിനാറ് പേരായിരുന്ന വാനിലുണ്ടായിരുന്നു. 120 മീറ്റർ താഴ്ചയിലേക്കാണ് വാൻ കൂപ്പുകുത്തിയത്. യാത്രക്കാരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. സംഭവ സ്ഥലത്ത് വച്ച് തന്നെ ചിലർ മരിച്ചതായാണ് സാൻറിയാഗോ മുൻസിപ്പാലിറ്റി മേയർ വിശദമാക്കുന്നത്.
പരിക്കേറ്റവരിൽ ചിലരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വനമേഖലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വാൻ കൊക്കയിൽ വീണത് അധികൃതർ ശ്രദ്ധിക്കുന്നത്. വളരെ പെട്ടന്ന് പടർന്ന് പിടിച്ച തീ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. രണ്ട് ഏക്കറോളം വനഭൂമി അതിനോടകം കത്തി നശിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മെക്സിക്കോയിൽ വാഹന അപകടങ്ങൾ വലിയ രീതിയിൽ ആൾനാശമുണ്ടാക്കുന്നത് സമീപകാലത്ത് വലിയ രീതിയിൽ വർധിച്ചതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഈ മാസം ആദ്യ ബസ് തലകീഴായി മറിഞ്ഞ് 11 പേരും കഴിഞ്ഞ മാസം ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 41 പേരും മരിച്ചിട്ടുണ്ട്.