Cancel Preloader
Edit Template

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ഇന്ന് ഒരു മാസം പിന്നിട്ടു

 വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ഇന്ന് ഒരു മാസം പിന്നിട്ടു

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് രക്തബന്ധുക്കളില്‍നിന്ന് ശഖരിച്ച ഡി.എന്‍.എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായും പരിശോധനയില്‍ വ്യക്തമായി.

ഓഗസ്റ്റ് 25ന് നടത്തിയ പ്രത്യേക തിരച്ചിലില്‍ കണ്ടെത്തിയ അഞ്ചെണ്ണം ഉള്‍പ്പെടെ 217 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 203 ശരീരഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. തിരിച്ചറിയാത്ത 55 മൃതദേഹങ്ങളും പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അതേസമയം, ദുരന്തം നടന്ന് ഒരു മാസമായിട്ടും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ലഭിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും കണക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നത്. ഡി.എന്‍.എ ഫലം വൈകുന്നതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം 93 പേരുടെ ആശ്രിതര്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 6 ലക്ഷം രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷവും പി.എം.എന്‍.ആര്‍ ഫണ്ടില്‍നിന്നു 2 ലക്ഷവും സഹിതം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു നല്‍കുക.
തുക സ്വീകരിക്കാന്‍ 58 കുടുംബങ്ങളില്‍നിന്ന് ആരുമെത്തിയില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായം വാങ്ങാന്‍ ഉറ്റവരാരും അവശേഷിക്കാതെ അപ്രത്യക്ഷരായയവരില്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല.

12 കേസുകളില്‍ അടുത്ത ബന്ധുവിനെ നിശ്ചയിക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു. 7 ഇതര സംസ്ഥാനക്കാരുടെ ആശ്രിതര്‍ക്കും തുക നല്‍കാനുണ്ട്. ലഭ്യമായ കണക്കില്‍ ദുരന്തത്തില്‍ മരിച്ച 270 ല്‍ 58 പേര്‍ക്ക് അടുത്ത ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കു ധനസഹായം അനുവദിക്കുന്നതിനു പുതിയ മാനദണ്ഡം നിര്‍ണയിക്കും.

മൃതദേഹവും ശരീരഭാഗങ്ങളും വിട്ടുനല്‍കും

ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് അധികാരം നല്‍കി വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.

മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും മരിച്ചയാളുടെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിലുണ്ട്. ഫോണ്‍: 04935-240222.

Related post

Leave a Reply

Your email address will not be published. Required fields are marked *