Cancel Preloader
Edit Template

നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്; കേദലിന് മാനസിക പ്രശ്നമില്ല, അടങ്ങാത്ത പകയെന്ന് പ്രോസിക്യൂഷൻ

 നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്; കേദലിന് മാനസിക പ്രശ്നമില്ല, അടങ്ങാത്ത പകയെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം നന്തൻകോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദൽ ജിൻസൻ രാജ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പൊലീസ് കേസ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തിൽ വിധി വരുന്നത്.

ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് ആ വീട്ടിൽ കൊല്ലപ്പെട്ടത്. ഒരു മകന് തോന്നിയ പ്രതികാരം. ദീർഘനാളുള്ള ആസൂത്രണത്തിനൊടുവിലാണ് കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഏപ്രിൽ അഞ്ചിന് ജീൻപത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ഒരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. കമ്പ്യൂട്ടിന് മുന്നിൽ ഒരു കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്നും മഴുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. 

ഓണ്‍ലൈൻ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തൽ. കേദലിൻെറ വീട്ടിൽ കഴിഞ്ഞിരുന്ന ലളിതയെന്ന ബന്ധുവിനെയും കൊലപ്പെടുത്തി. എട്ടാം തിയതി രാത്രി രണ്ടാം നിലയിൽ നിന്നും തീയും പകയും ഉയർന്ന് നാട്ടുകാർ ഓടികൂടിയപ്പോള്‍ കേദലിനെ കാണാനില്ലായിരുന്നു. രണ്ടാം നിലയിൽ തീയണച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോള്‍ കത്തി കരിഞ്ഞ നാലു മൃതദേഹങ്ങള്‍. പെട്രോള്‍ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേദൽ രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലേക്ക് പോയ പ്രതി തിരികെയത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുന്നത്. 

അസട്രൽ പ്രോജക്ഷൻ എന്ന ആഭിചാരത്തിൽ ആകൃഷ്ഠനായിരുന്നു എന്നൊക്കെ മൊഴി നൽകി കേദൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി. രണ്ടു പ്രാവശ്യം കേദലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാൻ അയച്ചു. പഠനം പൂർത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളിൽ കഴിഞ്ഞ കേദലിനെ അച്ഛൻ തുടർച്ചയായി വഴക്കു പറയുമായിരുന്നു. അങ്ങനെ തുടങ്ങിയ പ്രതികാരത്തിന് ഒടുവിലാണ് കൂട്ടക്കൊല. കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് ഗൂഗിളിൽ വിവിധ കൂട്ടക്കൊലകളെ കുറിച്ച് പ്രതി സെർച്ച് ചെയ്തിരുന്നു. 

ആയുധവും പെട്രോളും പോളിത്തീൻ കവറും തറ കഴുകാനുള്ള ലായനിയുമെല്ലാം പ്രതി വാങ്ങി. അഭിഭാഷകരോട് കൃത്യമായി കേസിൻെറ കാര്യങ്ങള്‍ സംസാരിക്കുകയും, സ്വത്ത് തർക്കത്തിൽ ഉള്‍പ്പെടെ വക്കാലത്തു നൽകുകയും ചെയ്യുന്ന കേദലിന് ഒരു മാനസിക പ്രശ്നങ്ങളുമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാത്രമല്ല ഓരോരുത്തരെയും വകവരുത്തി വീട്ടിനുള്ളിൽ ഇട്ടിരുന്നപ്പോള്‍ ബന്ധുക്കളുടെ ഫോണ്‍ വന്നു. വീട്ടുജോലിക്കാർ എത്തി. വീട്ടുകാർ വിനോദ യാത്രക്ക് പോയെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയച്ച് പ്രതി കൃത്യമായ ആസൂത്രണം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദിലിപ് സത്യൻ ഹാജരായി.

Related post

Leave a Reply

Your email address will not be published. Required fields are marked *