ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്നും അതും സംസ്ഥാനം മുടങ്ങാതെ നല്‍കുന്നുണ്ടെന്നും ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമെ, കേന്ദ്രം നല്‍കുന്ന 3000 രൂപ ഇന്‍സെന്റീവും സേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവും ചേര്‍ത്ത് 13,000 രൂപയാണ് ആശമാര്‍ക്ക് ലഭിക്കുന്നത്. ഇതില്‍ 9400 രൂപയും സംസ്ഥാന സര്‍ക്കാര്‍ ആണ് നല്‍കുന്നതെന്നും ബാക്കി തുകയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതെന്നും വീണ ജോര്‍ജ് വിശദീകരിച്ചു.
ആശ വര്‍ക്കര്‍മാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൊവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ 23 ദിവസമായി വെറും തറയില്‍ സമരമിരിക്കുന്നു. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സിക്കിമില്‍ ആശമാര്‍ക്ക് 1000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളില്‍ ആശ വര്‍ക്കേഴ്‌സിന് വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കികൊണ്ട് അദ്ദേഹം പറഞ്ഞു.
സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നത്. കൃമികീടമെന്നും ഈര്‍ക്കില്‍ പാര്‍ട്ടിയെന്നും ബക്കറ്റ് പിരിവുകാരെന്നും വിളിച്ചില്ലേ? എന്നു തൊട്ടാണ് ഇവര്‍ക്ക് ബക്കറ്റുപിരിവ് അയിത്തമായത്. കൊലയാളികള്‍ക്കു വേണ്ടി ബക്കറ്റ് പിരിവ് നടത്തിയ പാര്‍ട്ടിയാണിവര്‍. ഇപ്പോള്‍ അവരെ അപമാനിക്കുന്ന എളമരം കരീം തന്നെയാണ് നിയമസഭയില്‍ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം 10000 രൂപയാക്കണമെന്ന് പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.
ആരോഗ്യമന്ത്രി ഇത്രയും ദിവസങ്ങളായിട്ടും ആ വനിതകളോടൊന്നു സംസാരിക്കാന്‍ പോലും തയാറായില്ല. അവര്‍ മന്ത്രിയെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍, വീട്ടില്‍ വരേണ്ടതില്ല ഓഫിസ് സമയത്ത് വന്നാല്‍ മതി എന്ന് ആവശ്യപ്പെട്ടു. വോട്ട് കിട്ടി ജയിച്ചശേഷം ആ സാധുമനുഷ്യര്‍ക്ക് ഒരാവശ്യം വരുമ്പോള്‍ ഓഫിസ് സമയത്ത് വരണമെന്നു പറഞ്ഞാല്‍ ആരോഗ്യമന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.- അദ്ദേഹം പറഞ്ഞു.
പ്രമേയ അവതാരകന് വിഷയത്തേക്കുറിച്ച് ധാരണയില്ലെന്നും ആശമാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിയാത്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്.യു.സി.ഐയുടെ നാവായി മാറിയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരിച്ചടിച്ചു. സിക്കിമില്‍ ഓണറേറിയം 10000 രൂപ ഇല്ല, 6000 രൂപയെ ഉള്ളൂ. ഏറ്റവും ഉയര്‍ന്ന വേതനം കേരളത്തില്‍ തന്നെ. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.