നിലപാടിലുറച്ച് വിഡി സതീശൻ; ‘അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്’

മലപ്പുറം: പിവി അൻവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുൻ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. രാവിലെ വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശനെതിരെ പിവി അൻവര്‍ രംഗത്തെത്തിയിരുന്നു.
വിഡി സതീശന്റെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്ന് അൻവര്‍ തുറന്നടിച്ചത്. എന്നാൽ, ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് അത് പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലെ പറഞ്ഞതുപോലെ ആദ്യം അൻവര്‍ നിലപാട് വ്യക്തമാക്കണം. അതിനുശേഷം യുഡിഎഫ് അൻവറിന്റെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കും. ഇപ്പോള്‍ പിവി അൻവര്‍ പറയുന്ന ഒരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ പരിഹരിച്ച് ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. പിവി അൻവറുമായി സംസാരിച്ചു. ശുഭകരമായ തീരുമാനത്തിലെത്തും. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിർത്തും. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോള്‍ ചില ഫോർമാലിറ്റീസുണ്ട്.താൻ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണ്. അന്തിമതീരുമാനം എടുക്കാൻ പ്രതിപക്ഷനേതാവിനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചില കാലതാമസം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.