Cancel Preloader
Edit Template

ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് പറന്നിറങ്ങിയത് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകൾ

 ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് പറന്നിറങ്ങിയത് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകൾ

ടെഹ്റാൻ: ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേർന്ന അമേരിക്ക ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിൽ ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകൾ. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്‍റെ പത്താം ദിവസമാണ് ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തിയത്. ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഉപയോഗിച്ച് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് പ്രഹരിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. നഥാന്‍സിന് ശേഷം ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ നിലയമായ ഫോര്‍ഡോ ക്വോം നഗരത്തിനടുത്തുള്ള മലകള്‍ക്കടിയിലെ ഭൂഗര്‍ഭ അറയിലാണ് സ്ഥിതി ചെയ്യുന്നത്. ഇറാനിലെ ഏറ്റവും രഹസ്യസ്വഭാവവും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ.

ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ നിലയം സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ഫോര്‍ഡോയുടെ നിര്‍മ്മാണം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ലെന്ന് വിലയിരുത്തപ്പെടുന്നു. ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഒരു മലയ്ക്ക് കീഴിലായി ഭൂഗര്‍ഭ നിലയമായാണ് ഇറാന്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് 80-90 മീറ്റര്‍ ആഴത്തിലാണ് ഫോര്‍ഡോയിലെ പ്രധാന ലാബ് സ്ഥിതി ചെയ്യുന്നത് എന്നാണ് സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. 3,000 വരെ സെന്‍ട്രിഫ്യൂജുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ ആണവ നിലയത്തിനുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ പാകത്തില്‍ കട്ടിയേറിയ കോണ്‍ക്രീറ്റ് ഭിത്തിയും സീലിംഗും സഹിതമാണ് ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം ഇറാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ബോംബുകള്‍ക്ക് അപ്രാപ്യമായ കോണ്‍ക്രീറ്റ് കോട്ടയാണ് ഇത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഈ നിലയത്തിന്‍റെ പേരിനൊരു ഭാഗം മാത്രമേ തറനിരപ്പിന് മുകളില്‍ ദൃശ്യമാകുന്നുള്ളൂ. ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ 2025 ജൂണ്‍ 14ന് മാക്‌സാര്‍ ടെക്നോളജീസ് പകര്‍ത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പ്രകാരം, ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിന്‍റെ ഈ മുകള്‍ ഭാഗത്തിന് പോലും പ്രകടമായ നാശനഷ്‌ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല.

ഇസ്രയേല്‍ സൈനിക ശേഷിക്ക് പോലും കടന്ന് ചെല്ലാന്‍ സാധിക്കാത്തത്രയും ആഴത്തിലാണ് ഫോര്‍ഡോ ആണവ കേന്ദ്രം സ്ഥാപിച്ചിരുന്നത്. ഇതാണ് യുഎസ് ആക്രമണത്തിന് ഇറങ്ങാനുള്ള കാരണവും. ബി2 യുദ്ധവിമാനങ്ങളാണ് ദൗത്യത്തിന് ഉപയോഗിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് തരം ബങ്കര്‍ ബാസ്റ്റര്‍ ബോംബുകള്‍ക്ക് മാത്രമാണ് ഈ കേന്ദ്രങ്ങളെ തൊടാന്‍ സാധിക്കുന്നത്. ഈ ദൗത്യത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നതാകട്ടെ രണ്ട് തരം എയര്‍ക്രാഫ്റ്റുകളും. ഇവയും യുഎസിന് മാത്രമാണ് സ്വന്തമായിട്ടുള്ളത്. അമേരിക്കയുടെ കൈവശമുള്ള ഏറ്റവും കരുത്തുറ്റ ബങ്കര്‍-ബസ്റ്റിംഗ് ബോംബാണ് ജിബിയു-57. 2011-ലാണ് ഈ വജ്രായുധം അമേരിക്കന്‍ സേനയുടെ ഭാഗമായത്. 12 കിലോമീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപിച്ച ബങ്കർ ബസ്റ്റ‍ർ ബോംബുകൾ സാറ്റലൈറ്റ് നിയന്ത്രിതമായ ടെയിലുകളുടെ സഹായത്തോടെയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വീഴ്ചയിൽ വേഗം കൈവരിക്കുന്ന ബോംബിന് ഭൂമിയിൽ 60 മീറ്റർ താഴ്ച വരെ നിഷ്പ്രയാസം എത്താനാകും. ആറ് മീറ്റര്‍ നീളമുള്ള ഈ ബോംബ് വഹിക്കാന്‍ അംഗീകാരമുള്ള ഏക ബോംബര്‍ വിമാനമാണ് ബി-2. യുഎസ് വ്യോമസേനയുടെ ബി-2വില്‍ നിന്ന് പാരച്യൂട്ടിലാണ് ലക്ഷ്യസ്ഥാനത്തേക്ക് ജിബിയു-57 വര്‍ഷിക്കുക. പതിമൂവായിരം കിലോഗ്രാമിലേറെ ഭാരമുള്ള ഈ കരുത്തുറ്റ ബോംബിന് മാസീവ് ഓര്‍ഡന്‍സ് പെനെട്രേറ്റര്‍ (എംഒപി) എന്നൊരു പേര് കൂടിയുണ്ട്. 2400 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചിട്ടുള്ള ബോംബ് കൂടിയാണ് ജിബിയു-57.

ജിബിയു-57 ബങ്കര്‍-ബസ്റ്റിംഗ് ബോംബ് വഹിക്കാന്‍ അനുമതിയുള്ള ഏക വിമാനമാണ് യുഎസ് എയര്‍ ഫോഴ്‌സിന്‍റെ ബി-2 (B-2 Spirit Stealth Bombers) . യുഎസ് വ്യോമസേനയ്ക്ക് ആകെ 19 ബി-2 വിമാനങ്ങള്‍ മാത്രമേയുള്ളൂ. ഒരേസമയം പരമാവധി രണ്ട് ജിബിയു-57 ബോംബുകളാണ് ഒരു ബി-2വിന് വഹിക്കാനാവുക. ഇന്ധനം വീണ്ടും നിറയ്ക്കാതെ 6,000 മൈല്‍ പറക്കാന്‍ കരുത്തുള്ള അത്യാധുനിക ബോംബര്‍ വിമാനമാണ് ബി-2. എങ്കിലും വളരെ പരിമിതമായ വ്യോമ താവളങ്ങളില്‍ നിന്നേ ബി-2 ഓപ്പറേറ്റ് ചെയ്യാറുള്ളൂ. ഇതിലൊന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യുഎസ് സൈനികതാവളമായ ദ്വീപായ ഡീഗൊ ഗാർഷിയയാണ്.

30,000 പൗണ്ട് അഥവാ 13600 കിലോ ഭാരമുള്ള മാസ്സീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ ബോംബുകള്‍ക്ക് ഏകദേശം 20.5 അടി നീളവും 31.5 ഇഞ്ച് വീതിയുമുണ്ട്. 30,000 പൗണ്ടില്‍ 5.300 പൗണ്ട് സ്ഫോടന വസ്തുക്കളാണ്. എംഒപിയുടെ സ്‌ഫോടനശേഷി മുൻഗാമിയായ BLU-109- നേക്കാള്‍ 10 മടങ്ങ് കൂടുതലാണെന്ന് വ്യോമസേന വിശദമാക്കുന്നത്. 60 മീറ്റര്‍ വരെ താഴത്തില്‍ പ്രഹരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഓരോ ബി–ടു വിമാനത്തിനും രണ്ട് ബോംബുകൾ സൂക്ഷിക്കാൻ കഴിയും. 300 അടി (ഏകദേശം 100മീറ്ററോളം) താഴ്ചയിലാണ് ഫോറഡോ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിവരം. ഇതിന് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷയുമുണ്ട്. ഇതും മറികടന്നാണ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ലക്ഷ്യം കണ്ടത്.

Related post

Leave a Reply

Your email address will not be published. Required fields are marked *