അമേരിക്കയുടേത് ക്രിമിനൽ നടപടി, അങ്ങേയറ്റം അപകടകരം; ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിർവ്യാപന കരാറിന്റെയും ലംഘനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചി. അമേരിക്കയുടെ ക്രിമിനൽ നടപടിക്കെതിരെ എന്നും നിലനിൽക്കുന്ന രീതിയിലുള്ള ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര സംഘടനയിലെ ഓരോ അംഗവും ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ ക്രിമിനൽ നടപടിയിൽ ആശങ്കപ്പെടേണ്ടതുണ്ട്. ഓരോ രാജ്യവും അമേരിക്കയുടെ ഈ നടപടിയെ കരുതിയിരിക്കണം. യു എൻ ചാർട്ടർ അനുസരിച്ചുള്ള പ്രതിരോധത്തിന് ഇറാന് അവകാശമുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാൻ വിനിയോഗിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ ആണവ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ -ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ കടന്ന് ഇറാനിൽ ആക്രമണം നടത്തുകയായിരുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.