Cancel Preloader
Edit Template

ആശമാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ; ‘കേരളം വിനിയോഗിച്ച തുകയുടെ വിശദാംശം നൽകിയില്ല’

 ആശമാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ; ‘കേരളം വിനിയോഗിച്ച തുകയുടെ വിശദാംശം നൽകിയില്ല’

ദില്ലി: ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ സിപിഐ അംഗം സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും രാജ്യസഭയിൽ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാർ എം പി രാജ്യസഭയിൽ ചോദിച്ചത്. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നൽകിയിട്ടുണ്ട്. എന്നാൽ വിനിയോഗത്തിൻ്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ല. കേരളത്തിൻ്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.

ജെപി നദ്ദ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി സന്തോഷ് കുമാർ എംപി കുറ്റപ്പെടുത്തി. നദ്ദയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകും. കേരളത്തിന് ഒന്നും കിട്ടാനില്ല എന്നു പറഞ്ഞത് കള്ളമാണ്. 2023-2024 വർഷത്തേക്ക് 100 കോടി കേരളത്തിന് കിട്ടാനുണ്ടെന്നും സന്തോഷ് കുമാർ പറഞ്ഞു.

വേതനം വർധിപ്പിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ട്. ഇൻസെന്റീവ് കേന്ദ്രവും ഓണറേറിയം സംസ്ഥാന സർക്കാറുമാണ് നൽകുന്നത്. കേന്ദ്രം മുഴുവൻ തുകയും നൽകിയെന്നും സംസ്ഥാന സർക്കാർ ചിലവഴിച്ച കണക്കു നൽകിയിട്ടുമില്ലെന്ന മന്ത്രിയുടെ മറുപടി തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണെന്നും സമരസമിതി വ്യക്തമാക്കി. 

ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. കേരളത്തിലെ യുഡിഎഫ് എംപിമാരാണ് പ്രതിഷേധിച്ചത്. കെ സി വേണുഗോപാൽ അടക്കം എംപിമാർ പങ്കെടുത്തു. 

Related post

Leave a Reply

Your email address will not be published. Required fields are marked *