മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്; 11005 ഭൂരിപക്ഷം; അമരമ്പലത്തടക്കം സമ്പൂർണ മുന്നേറ്റം

മലപ്പുറം: എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം.
യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്റെയും, ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.
പിതാവിന്റെ ആഗ്രഹം സഫലമാക്കി ഷൗക്കത്ത്
2016 ൽ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. 2005 ല്‍ സിപിഎം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ആര്യാടന് ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന് ഷൗക്കത്ത് ദേശീയ തലത്തില്‍ അറിയപ്പെട്ടത്. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചാത്ത് പ്രസിഡന്റും തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ നഗരസഭ ചെയര്‍മാനുമായിരുന്നു.
ആര്യാടൻ മുഹമ്മദിൻറെ രാഷ്ട്രീയ ജീവിതം അസ്തമിച്ചു തുടങ്ങിയപ്പോൾ നിലമ്പൂരിൽ അദ്ദേഹത്തിൻറെ സീറ്റിൽ മത്സരിച്ചു. കോൺഗ്രസിലും ലീഗിലും ഇത് ചൊല്ലി കലഹം ഉണ്ടായി. ആ അവസരം മുതലെടുത്ത് പി വി അൻവർ നിലമ്പൂരിൽ നോട്ടമിട്ടപ്പോൾ ഷൗക്കത്തിന് ആര്യാടന്റെ അതേ വഴി പിന്തുടരാം എന്ന സ്വപ്നം തൽക്കാലത്തേക്ക് കൈവിടേണ്ടി വന്നു. 2021 ലും ഷൗക്കത്ത് സീറ്റ് മോഹിച്ചുവെങ്കിലും ഡിസിസി പ്രസിഡണ്ടായിരുന്ന വി വി പ്രകാശിനാണ് അന്ന് നറുക്കുവീണത്. പിന്നാലെ ഷൗക്കത്ത് ഡിസിസി അധ്യക്ഷ പദവി ഏറ്റെടുത്തു. പിന്നീട് ആ പദവി കോൺഗ്രസ് നേതൃത്വം വിഎസ് ജോയ്ക്ക് കൈമാറി. അൻവർ സ്ഥാനമൊഴിഞ്ഞതോടെ നിലമ്പൂരിലെ എതിരാളി ഇല്ലാതായി. ആര്യാടന്റെ മകനെന്ന വിലാസം കൂടി മുൻനിർത്തി ഷൗക്കത്തിൽ നിലമ്പൂരിൽ ജയമുറപ്പിച്ചു.