ആശങ്കയുടെ രണ്ടര മണിക്കൂര്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം
തിരുച്ചിറപ്പള്ളി: രാജ്യത്തെയൊന്നാകെ രണ്ടര മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും അഭിന്ദനപ്രവാഹം. ആകാശത്തിനും ഭൂമിയ്ക്കും നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 141 ജീവനുകള്‍ കൈയില്‍ പിടിച്ചാണ് ഇഖ്‌റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേര്‍ന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. വിമാനത്തിന്റെ പൈലറ്റിനെയും ക്രൂ അംഗങ്ങളേയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയുംചെയ്തു അദ്ദേഹം. പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും അദ്ദേഹം അഭിനന്ദിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യയും വ്യക്തമാക്കി.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം രണ്ടു മണിക്കൂറോളം തിരുച്ചിറപ്പള്ളിക്കു മുകളില്‍ വട്ടമിട്ട് പറന്ന ശേഷമാണ് അടിയന്തര ലാന്റിങ് നടത്തിയത്. ആശങ്കയുടെ മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷിതമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. തിരുച്ചി വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 5.45 ന് ടേക് ഓഫ് ചെയ്ത ഐ.എക്സ് 613 ബോയിങ് 737 വിമാനത്തില്‍ 141 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തില്‍ നിറയെ ഇന്ധനമുണ്ടായിരുന്നു. ലാന്റിങ് ഗിയര്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൈലറ്റ് വിമാനത്താവളത്തില്‍ നിന്ന് അധികം ദൂരെ പോകാതെ വട്ടമിട്ടുപറന്നത്. രണ്ടു മണിക്കൂറോളം പറന്ന് ഇന്ധനം കത്തിച്ചുകളഞ്ഞതിനു ശേഷമാണ് വിമാനം ബെല്ലി ലാന്റിങ്ങിന് സജ്ജമാക്കിയത്. അടിയന്തര സാഹചര്യം നേരിടാന്‍ വിമാനത്താവളത്തില്‍ 18 അഗ്‌നിരക്ഷാ സേനാ യൂനിറ്റുകളെ ഒരുക്കിനിര്‍ത്തിയിരുന്നു.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലമാണ് വിമാനത്തിലെ ലാന്റിങ് ഗിയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നതെന്ന് തിരുച്ചി വിമാനത്താവള ഡയരക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. രാത്രി 8.15 ഓടെയാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. ഇറങ്ങുമ്പോള്‍ ലാന്റിങ് ഗിയര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും സാധാരണ ലാന്റിങ്ങാണ് നടന്നതെന്നും ഡി.ജി.സി.എ അറിയിച്ചു.