Cancel Preloader
Edit Template

പാകിസ്താനിൽ ഇരട്ട സ്ഫോടനം; 26 പേർ കൊല്ലപ്പെട്ടു

 പാകിസ്താനിൽ ഇരട്ട സ്ഫോടനം; 26 പേർ കൊല്ലപ്പെട്ടു

പൊതുതിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഇരട്ട സ്ഫോടനം. സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്.

പിഷിനിലെ സ്വതന്ത്ര സ്ഥാനാർത്ഥി അസ്ഫന്ദ്യാർ കാക്കറിൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് ഉച്ചയ്ക്ക് ശേഷമാണ് ആദ്യ സ്ഫോടനം റിപ്പോർട്ട് ചെയ്തത്. പിഷിൻ ഡെപ്യൂട്ടി കമ്മീഷണർ ജുമ്മ ദാദ് ഖാൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, കുറഞ്ഞത് 14 പേർ ഇവിടെ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ ഖിലാ സൈഫുള്ളയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. ആദ്യ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 150 കിലോമീറ്റർ അകലെയാണ് ഇത്. ജെയുഐഎഫിൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് നടന്ന സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ യാസിർ ബസായ് പറഞ്ഞു. ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം (ജെയുഐ-എഫ്) അംഗമായ മൗലാന വാസിയുടെ ഓഫിസ് ആയിരുന്നു ഇത്.

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 190 കിലോമീറ്റർ അകലെയാണിത്.”പാർട്ടി ഓഫീസിന് മുൻപിലാണ് സ്ഫോടനം നടന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ ഓഫീസിനുള്ളിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു,” പോലീസ് ഉദ്യോഗസ്ഥൻ അക്തർ ഖാൻ അചക്‌സായി വ്യക്തമാക്കി. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ ക്വറ്റയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

പാകിസ്താനിലെ വിവിധ ദേശീയ – പ്രവിശ്യ അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെയാണ് നടക്കാനിരിക്കുന്നത്. “തീവ്രവാദികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമം നടത്തുകയാണ്, എന്നാൽ സർക്കാർ തിരഞ്ഞെടുപ്പ് ദിവസത്തെ ക്രമസമാധാന പാലനം ഉറപ്പാക്കും,” പ്രവിശ്യയിലെ ഇടക്കാല ഇൻഫർമേഷൻ മന്ത്രി ജാൻ അചക്‌സായി അൽജസീറയോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *