ട്രംപിന്റെ താരിഫ് ഇളവ്, കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകര ചുങ്കം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ ഓഹരി വിപണി കുതിച്ചുയർന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും സൂചികകൾ ഉയരാൻ കാരണമായി. സെൻസെക്സ് 1,472.2 പോയിന്റ് അഥവാ 1.99 ശതമാനം ഉയർന്ന് 75,319.35 ൽ വ്യാപാരം ആരംഭിച്ചു. അതേസമയം, നിഫ്റ്റി 475.3 പോയിന്റ് അഥവാ 2.12 ശതമാനം ഉയർന്ന് 22,874.45 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.
നിഫ്റ്റിയിൽ ഇന്ന് അഞ്ച് ശതമാനം വരെ നേട്ടമുണ്ടാക്കിയ മികച്ച അഞ്ച് ഓഹരികളിൽ അദാനി എന്റർപ്രൈസസ് , ടാറ്റ സ്റ്റീൽ, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ സെഷനിൽ ഏഷ്യൻ ഓഹരി വിപണികൾ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
മറ്റ് ഓഹരി വിപണികളും കുതിച്ചുയർന്നിട്ടുണ്ട്. ജപ്പാനിലെ നിക്കി സൂചിക 9.1 ശതമാനവും തായ്‌വാന്റെ ബെഞ്ച്മാർക്ക് 9.3 ശതമാനവും ഉയർന്നു. രൂപയുടെ മൂല്യവും ഉയർന്നിട്ടുണ്ട്.