വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുന്നേറ്റം തുടരുന്നു. വിധി നിര്‍ണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് ആധിപത്യം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
നോര്‍ത് കരോലൈന, ജോര്‍ജിയ സ്റ്റേറ്റുകളില്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. ട്രംപിന് ഇതുവരെ 247 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് 214 വോട്ടുകളാണ് ലഭിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടിയാല്‍ കേവല ഭൂരിപക്ഷമാകും. ട്രംപ് ജയിക്കുമെന്നു തന്നെയാണ് പുറത്തുവരുന്ന ഫലസൂചന പറയുന്നത്.
അതിനിടെ കുടുംബത്തോടൊപ്പം വിജയാഘോഷം തുടങ്ങിയിരിക്കുകയാണ് മുന്‍ പ്രസിഡന്റ്. ഇനി അമേരിക്കയുടെ സുവര്‍ണ കാലമെന്ന് അദ്ദേഹം പ്രതികരിച്ചു. അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക് പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചാണ് സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. കമലക്ക് ജയിക്കണമെങ്കില്‍ പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ പിടിക്കണമായിരുന്നു. എന്നാല്‍, ഈ മൂന്നു സ്റ്റേറ്റുകളിലും ട്രംപിനാണ് മുന്നേറ്റം.
വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്‌സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലൈന, ഒക്‌ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലൈന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്‌ളോറിഡ, അര്‍കന്‍സാസ്, അലബാമ, ജോര്‍ജിയ സ്‌റ്റേറ്റുകളും ട്രംപിനൊപ്പമാണ്.
വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്‌സിക്കോ, ന്യൂജേഴ്‌സി, നെബ്രാസ്‌ക, മെയ്‌നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്‌റ്റേറ്റുകളാണ് കമലക്കൊപ്പം നില്‍ക്കുന്നത്.