തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്

വാഷിങ്ടണ്‍: 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . വൈറ്റ് ഹൗസില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
”’അക്രമകാരിയായ മനുഷ്യനെ ഉടന്‍ തന്നെ ഇന്ത്യക്ക് തിരികെ ഏല്പിക്കുന്നു’ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ബൈഡന് ഭരണകൂടവുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. അത്ര അനുയോജ്യമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഇന്ത്യക്കും ബൈഡന് ഭരണകൂടത്തിനുമിടക്ക് സംഭവിച്ചു. 26/11 മുംബൈ ഭീകരാക്രമണത്തില്‍ പ്രതിയായ വളരെ അപകടകാരിയായ ഒരു മനുഷ്യനെ ഞങ്ങള്‍ ഇന്ത്യക്ക് ഉടന്‍ തന്നെ കൈമാറുകയാണ്. ഞങ്ങള്‍ക്ക് ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കാരണം അത്രമേല്‍ അഭ്യര്ഥനകളാണുള്ളത്. കുറ്റകൃത്യങ്ങള്‍ക്കെതിരായ നിലപാടുകളില്‍ ഞങ്ങള്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും . ഇന്ത്യയുടെ നന്മക്ക് വേണ്ടിയാണത്’a- ‘ട്രംപ് പറഞ്ഞു.
റാണയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.’മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളിയെ ഇന്ത്യയില്‍ ചോദ്യം ചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനുമായി കൈമാറുന്നു. നടപടികള്‍ വേഗത്തിലാക്കിയതിന് ട്രംപിന് ഞാന്‍ നന്ദി പറയുന്നു.’ മോദി പറഞ്ഞു.
ഇന്ത്യക്ക് കൈമാറാമെന്ന യുഎസ് സുപ്രിം കോടതി വിധിക്കെതിരെ നല്കിയ റാണ നല്കിയ പുനഃപരിശോധനാ ഹരജി കഴിഞ്ഞ മാസം 21ന് തള്ളിയിരുന്നു. പാകിസ്താനികനേഡിയന് പൗരനാണ് തഹാവൂര്‍ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറല്‍ കോടതികളില്‍ നല്കിയ അപ്പീലുകള്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. ഒടുവില്‍ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.
നിലവില്‍ ഇദ്ദേഹം ലോസ് ഏഞ്ചല്‍സില്‍ തടവില്‍ കഴിയുകയാണ്. പാകിസ്താന് ആര്‍മിയിലെ മുന്‍ ഡോക്ടറായ റാണ 1990കളില്‍ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്തതാണ്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. തുടര്‍ന്ന് ചിക്കാഗോയില്‍ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുകയും ചെയ്തു.
ഇവിടെ വെച്ചാണ് മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കറെ ത്വയ്യിബക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡേവിഡ് കോള്മാന് ഹെഡ്ലിയെ പരിചയപ്പെടുന്നത്. കേസില്‍ ഇയാളും അമേരിക്കയില്‍ അറസ്റ്റിലായിട്ടുണ്ട്. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ ഹെഡ്ലിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്.