10 കിലോമീറ്റര്‍ ഓട്ടോയില്‍ യാത്ര ചെയ്തു; ഊബര്‍ ബില്ലിട്ടത് ഒരു കോടി

ബെംഗളൂരു: പത്ത് കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോയില്‍ യാത്ര ചെയ്തയാള്‍ക്ക് ഒരു കോടി രൂപ ഊബര്‍ ബില്ലിട്ടെന്ന് ആരോപണം.ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു വ്‌ലോഗര്‍ നഗരത്തില്‍ 10 കിലോമീറ്റര്‍ ഓട്ടോ റൈഡിന് ഊബര്‍ ഒരു കോടി രൂപ ഈടാക്കിയതായി അവകാശപ്പെട്ടത്. കെആര്‍ പുരത്തെ ടിന്‍ ഫാക്ടറിയില്‍ നിന്ന് കോറമംഗലയിലേക്ക് പോകുന്നതിനായി താനും ഭാര്യ മാനസയും ആപ്പ് ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തതായി ശ്രീരാജ് നിലേഷ് പറയുന്നു.
207 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തി പണമടയ്ക്കാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ 1,03,11,055 രൂപയുടെ ബില്ല് ലഭിച്ചത്. ബില്ല് കണ്ട് ഓട്ടോ ഡ്രൈവര്‍ പോലുംഞെട്ടിപ്പോയി. സംഭവത്തില്‍ ഊബറിന്റെ കസ്റ്റമര്‍ കെയര്‍ പ്രതികരിച്ചിട്ടില്ലെന്നും അതിന് തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും യാത്രക്കാരന്‍ പറയുന്നു.ഇതാദ്യമായല്ല ഊബറിന്റെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കമ്പനി ഉയര്‍ന്ന ബില്ല് നല്‍കി ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസം നോയിഡയില്‍ ഊബര്‍ ഓട്ടോയില്‍ യാത്ര ചെയ്ത വ്യക്തിക്ക് 7.66 കോടി രൂപയുടെ ബില്ല് ലഭിച്ചിരുന്നു.
ദീപക് തെങ്കൂരിയ എന്ന യാത്രക്കാരനാണ് കോടികളുടെ ബില്ല് കണ്ട് ഞെട്ടിയത്. ഈ സംഭവം മറ്റൊരാള്‍ സോഷ്യല്‍മീഡിയയായ എക്‌സില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ ഊബര്‍ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.