Cancel Preloader
Edit Template

ടിപി വധക്കേസ് : നിപരാധികളെന്നും ശിക്ഷ ഇളവ് വേണമെന്നും പ്രതികള്‍; വാദം നാളെയും തുടരും

 ടിപി വധക്കേസ് : നിപരാധികളെന്നും ശിക്ഷ ഇളവ് വേണമെന്നും പ്രതികള്‍; വാദം നാളെയും തുടരും

പി ചന്ദ്രശേഖരന്‍ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നതില്‍ നാളെയും വാദം തുടരും. നിപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു. ആരോഗ്യപ്രശ്‌നങ്ങളും പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നല്‍കരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കിര്‍മ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും കോടതിയില്‍ പറഞ്ഞു.

രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും വാദം അറിയിക്കാന്‍ സമയം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പ്രൊസിക്യൂഷനും നല്‍കും. ഹൈക്കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഇന്ന് എറണാകുളം സബ് ജയിലില്‍ പാര്‍പ്പിക്കും. പ്രതികളുടെ ശരീരിക മാനസിക ആരോഗ്യവും ജയിലിലെ പെരുമാറ്റവും സംബന്ധിച്ച റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചു.

ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. ആരോഗ്യ പ്രശ്നം മൂലം ജ്യോതി ബാബു ഹാജരായില്ല. ഇന്ന് 3 മണിക്ക് ഡയാലിസിസ് നടത്തേണ്ടതിനാൽ ആണ് ഹാജരാകാത്തത് എന്ന് ജയിൽ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ആറാം പ്രതി ഒഴികെയുള്ളവര്‍ക്ക് വധഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഒന്നു മുതല്‍ അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷവിധി ഉയര്‍ത്തുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണന്‍, ജ്യോതിബാബു എന്നിവരുടെയും ശിക്ഷയിലും ഹൈക്കോടതി തീരുമാനമെടുക്കും. രണ്ട് പ്രതികളും കഴിഞ്ഞ ദിവസം കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങിയിരുന്നു.

അതേസമയം ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ കെ രമ എംഎൽഎ. അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ, ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്നുള്ളത് ഓർത്തില്ല. ചന്ദ്രശേഖരന് അമ്മ ഉണ്ടായിരുന്നു. അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും കെ കെ രമ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *