ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

കൊച്ചി: എച്ച്.ഐ.വി ബാധിതർക്ക് സാമ്പത്തികസഹായ കുടിശികയായി സർക്കാർ നൽകാനുള്ളത് ഒമ്പത് കോടിയിലേറെ രൂപ. എച്ച്.ഐ.വി ബാധിതരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിവിധ പരിപാടികളുമായി മുന്നോട്ടുപോകുമ്പോഴും നിത്യച്ചെലവിനുപോലും വകയില്ലാതെ ദുരിതത്തിലാണിവർ.
സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായം പോലും ഇവർക്ക് മാസങ്ങളായി കിട്ടുന്നില്ല. ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി റെഡ് റിബൺ ദീപം തെളിയിക്കലും ബോധവൽക്കരണപരിപാടികളുമൊക്കെ നടക്കുമ്പോഴും തങ്ങൾക്ക് കിട്ടാനുള്ള സാമ്പത്തികസഹായ കുടിശിക എത്രയും വേഗം ലഭ്യമാക്കണമെന്നതാണ് ഇവരുടെ ആവശ്യം.
2012 മുതലാണ് എച്ച്.ഐ.വി ബാധിതതർക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകിതുടങ്ങിയത്. 420രൂപ ധനസഹായവും 120രൂപ യാത്രാബത്ത ഇനത്തിലുമായി ആകെ 540 രൂപയാണ് തുടക്കത്തിൽ നൽകി വന്നത്. പിന്നീടിത് 1000രൂപയാക്കി ഉയർത്തി. 10048 പേർക്കാണ് സംസ്ഥാനത്ത് ധനസഹായം നൽകുന്നത്. എന്നാൽ കഴിഞ്ഞ ഒമ്പത് മാസമായി സഹായധനത്തിൽ സർക്കാർ കുടിശിക വരുത്തിയിരിക്കുകയാണ്.
9,64,8000രൂപയാണ് കുടിശിക ഇനത്തിൽ എച്ച്.ഐ.വി ബാധിതതർക്ക് നൽകാനുള്ളതെന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ അതോറിറ്റിയുടെ രേഖകൾ വ്യക്തമാക്കുന്നു. സർക്കാരിൽ നിന്ന് തുക കിട്ടുന്ന മുറയ്ക്ക് കുടിശിക നൽകുമെന്നാണ് അതോറിറ്റിയുടെ വിശദീകരണം.