Cancel Preloader
Edit Template

പണിമുടക്ക് ദിനത്തിൽ ഗുരുവായൂർ ക്ഷേത്രദർശനത്തിന് ആയിരങ്ങൾ

 പണിമുടക്ക് ദിനത്തിൽ ഗുരുവായൂർ ക്ഷേത്രദർശനത്തിന് ആയിരങ്ങൾ

ഗുരുവായൂർ: പണിമുടക്ക് ദിനത്തിലും ഗുരുവായൂർ ക്ഷേത്രദർശനത്തിന് ആയിരങ്ങളെത്തി. ദർശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തർക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നൽകി. ഹോട്ടലുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിൽ ഭക്തർക്ക് ഇത് ഏറെ ആശ്വാസകരമായി. ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും പുലർച്ചെ നിർമ്മാല്യം മുതൽ ഗുരുവായൂരപ്പ ദർശന സായൂജ്യം തേടി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഒട്ടേറെ വിവാഹങ്ങളും നടന്നു. ദർശനപുണ്യം നേടിയവർ പുലർച്ചെ 5 മുതൽ ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തി. ചൂടാറാത്ത ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും സാമ്പാറും പിന്നെ ചുക്കുകാപ്പിയും ഭക്തർക്കായി പാത്രത്തിൽ നിരന്നു. സാധാരണ ദിനങ്ങളിൽ രാവിലെ എട്ട് മണിക്ക് തീരേണ്ട പ്രാതൽ വിളമ്പൽ ഒമ്പതര വരെ നീണ്ടു. വിശപ്പകറ്റാൻ എത്തിയവർക്കായി വീണ്ടും വിഭവങ്ങൾ ഒരുക്കി ദേവസ്വം ഭക്തർക്ക് സഹായമായി. 3000 ലേറെ ഭക്തർ പ്രാതൽ പ്രസാദ ഊട്ടിൽ പങ്കെടുത്തു. പ്രാതലിന് പിന്നാലെ രാവിലെ പത്തു മണിക്ക് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് വിഭവങ്ങൾ ഭക്തർക്കായി വിളമ്പി. ഒപ്പം മേന്മയേറിയ രസവും. പത്തിന് തുടങ്ങിയ പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 3 മണി കഴിഞ്ഞാണ് അവസാനിച്ചത്. ഭക്തർക്ക് കരുതലായി അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാറും സേവന സജ്ജരായി ക്ഷേത്രം ജീവനക്കാരും മുന്നിട്ടിറങ്ങിയതോടെ പണിമുടക്ക് ദിനത്തിലും പതിനായിരത്തിലേറെ പേർക്ക് രാവിലെയും ഉച്ചയ്ക്കുമായി പ്രസാദ ഊട്ട് നൽകാൻ ദേവസ്വത്തിനായി. കടകൾ പലതും അടഞ്ഞുകിടന്ന സാഹചര്യത്തിൽ ഭക്തരുടെ തുണക്കെത്തിയ ദേവസ്വം പുതിയ സേവന മാതൃകയാണ് തീർത്തത്.

Related post

Leave a Reply

Your email address will not be published. Required fields are marked *