15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം, ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും യുഡിഎഫ്മുന്നേറ്റം
തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നിൽ യുഡിഎഫ് ആണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും യുഡിഎഫ് ലീഡ് പിടിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം അന്തിമം അല്ലെങ്കിലും 2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ. ഈ ട്രെൻഡ് തുടര്‍ന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തിൽ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. അതേസമയം, എൽഡിഎഫിന് കാര്യമായ തിരിച്ചടി നേരിടുമ്പോൾ തന്നെ ബി.ജെ.പിക്കും വലിയ നേട്ടം അവകാശപ്പെടാൻ പറ്റുന്നുണ്ട്.
ഈ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തി. മുൻപ് 23 പഞ്ചായത്തുകളിൽ ലീഡ് നേടിയ സ്ഥാനത്ത് ഇത്തവണ 33 പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് ലീഡുള്ളത്. കൂടാതെ, ഒരു കോർപ്പറേഷനിലും ബി.ജെ.പി. ലീഡ് നിലനിർത്തുന്നുണ്ട്.
കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലമടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു എന്നു തന്നെ പറയാം. തൃശൂർ, കോല്ലം, കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും എൽഡിഎഫ് തിരിച്ചുവരവിന്റെ സൂചനകളുണ്ട്. അതേസമയം, പാലക്കാട് നഗരസഭയിൽ പിന്നോട്ട് പോകുമ്പോൾ തിരുവനന്തപുരത്ത് എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.