കേരള നിയമ ചരിത്രത്തില്‍ ഇതാദ്യം; കോടതിയുടെ അപൂർവ വിധി

രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര സെഷന്‍സ് കോടതി വിധി കേരളത്തിലെ നിയമ-രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തേത്. ഒരു ക്രിമിനൽ കേസിൽ ഏറ്റവും കൂടുതൽ പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായിട്ടാണ്. വിചാരണ നേരിട്ട 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡി. സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര കോടതി ശിക്ഷ വിധിച്ചത്.
രാഷ്ട്രീയ കൊലപാതക കേസുകളിൽ അപൂർവമായിട്ടാണ് കോടതികൾ വധശിക്ഷ വിധിക്കാറുള്ളത്. കെടി ജയക്യഷ്ണൻ മാസ്റ്റർ വധക്കേസിലെ അഞ്ച് പ്രതികൾക്ക് തലശേരി അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി അപ്പീൽ ശരിവക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. എന്നാൽ രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസല്ല, ഈ കേസിലെ വിധിയാണ് അപൂർവങ്ങളിൽ അപൂർവമായതെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. വിചാരണ നേരിട്ട മുഴുവൻ പേരെയും വധശിക്ഷയ്ക്ക് വിധിക്കുന്നത് അപൂർവ നടപടിയാണ്.
ക്രമിനൽ കേസില്‍ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചാലും ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ നടപടിക്രമങ്ങൾ പ്രകാരം വധശിക്ഷയാകുകയുള്ളു. അതിനാൽ രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച നടപടി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയും പിന്നീട് ഹൈക്കോടതി അനുമതി നൽകുകയും വേണം. അതിനാൽ പ്രതികൾ അപ്പീൽ നൽകാതെ തന്നെ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിയാണോയെന്ന് പരിശോധിക്കും. അതിന് ശേഷമായിരിക്കും ശിക്ഷ എന്ത് എന്നത് സംബന്ധിച്ച് തീരുമാനമാകുക.
അതേസമയം 22 പേരാണ് കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത്. ഈയടുത്ത് വധശിക്ഷ വിധിച്ച ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്കിനു പുറമേ സംസ്ഥാനത്തെ നാല് ജയിലുകളിലാണ് ഈ 21പേർ വധശിക്ഷ കാത്തു കഴിയുന്നത്. പൂജപ്പുരയിൽ-ഒൻപത്, വിയ്യൂരിൽ-അഞ്ച്, കണ്ണൂരിൽ-നാല്, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-മൂന്ന് പേർ വീതം. മിക്കവരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. ഈ കേസിൽ 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. 2010ൽ ബീഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗ കേസിൽ 16 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഉജ്ജയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
പ്രതികള്‍ ഇവര്‍
ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല് വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല് നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്ന് മുതല്‍ 15 വരെ പ്രതികള്‍.
ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര് ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കി.
2021 ഡിസംബര്‍ 19നാണ് രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം. പ്രതികൾ എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.