Cancel Preloader
Edit Template

തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം മാത്രം

 തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം മാത്രം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും മുഖ്യമന്ത്രി തള്ളി. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് തന്‍റെ ഇടനിലക്കാരനായിട്ടാണ് എന്നാണല്ലോ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. തങ്ങളുടെ രാഷ്ടീയ താല്‍പര്യത്തിന് വേണ്ടി പൊലീസുകാരെ പലതരം ഇടനിലകള്‍ക്കായി ഉപയോഗിച്ചതിന്‍റെ മുന്‍കാല അനുഭവംവെച്ചാണോ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ ദൗത്യങ്ങൾക്കായി പൊലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പൂരം വിവാദത്തില്‍ പരിശോധന നടക്കുകയാണെന്നും. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ് കാണുന്നത് അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അതിന്‍മേല്‍ യുക്തമായി തീരുമാനം കൈകൊളളും. എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.

തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല, അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *