സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒആര്‍ കേളു പതാക ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്.
കോഴിക്കോട് വിക്രം മൈതാനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയര്‍ത്തി. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടന്നു. മലപ്പുറം എംഎസ്പി മൈതാനത്ത് റവന്യു മന്ത്രി കെ രാജൻ പതാക ഉയര്‍ത്തി. കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയര്‍ത്തി. കോട്ടയം ജില്ലാ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജെ ചിഞ്ചുറാണി പതാക ഉയര്‍ത്തി. തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പതാക ഉയര്‍ത്തി. എറണാകുളം കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി. പാലക്കാട് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി എംബി രാജേഷ് പതാക ഉയര്‍ത്തി. പത്തനംതിട്ടയിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ മന്ത്രി സജി ചെറിയാൻ പതാക ഉയര്‍ത്തി. ദില്ലിയിലെ കേരള ഹൗസിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.