കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതൽ

കോഴിക്കോട് ∙ മഞ്ഞപ്പിത്തം പടരുന്ന കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ വളരെ കൂടുതലായി ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം കോർപറേഷൻ ആരോഗ്യ വിഭാഗം ഇവിടെ നിന്ന് വെള്ളത്തിന്റെ സാംപിൾ ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം ഇന്നലെ കോർപറേഷൻ ആരോഗ്യ വിഭാഗത്തിനു ലഭിച്ചു.പ്രാദേശിക കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇന്ന് രാവിലെ 10.30ന് കോർപറേഷൻ അടിയന്തര യോഗം വിളിച്ചു. കൗൺസിലർ, കുടിവെള്ള പദ്ധതി നടത്തിപ്പുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ടി.കെ.മുനവർ റഹ്മാൻ, ജില്ലാ ആരോഗ്യ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർ പ്രദേശത്ത് പരിശോധന നടത്തി.
4 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത ബാധയോടെ കഴിഞ്ഞ ഒന്നിനു ചികിത്സയിലായിരുന്നവരുടെ ഫലമാണ് ഇന്നലെ വന്നത്. മഞ്ഞപ്പിത്തം ബാധിച്ച് 25 പേരാണ് ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ചെറയക്കാട്ട് മീത്തൽ ആദിത്യ(23)യുടെ കരളിനെ രോഗം ബാധിച്ചു. കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ഡോക്ടർമാരിൽ നിന്ന് ലഭിച്ച വിവരം. പനി ബാധിച്ച് കഴിഞ്ഞ 24ന് ആണ് ആദിത്യ ചികിത്സ തേടിയത്. തുടർന്നാണ് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലും ക്ലിനിക്കിലും ഗവ. ജനറൽ ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന ആദിത്യയെ ഗുരുതരാവസ്ഥയിലായതോടെയാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്