Cancel Preloader
Edit Template

സിനിമയെ വിമര്‍ശിച്ചയാള്‍ക്ക് ഫോണില്‍ ഭീഷണി

 സിനിമയെ വിമര്‍ശിച്ചയാള്‍ക്ക് ഫോണില്‍ ഭീഷണി

താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് സിനിമയെ വിമര്‍ശിച്ചതിന് ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദര്‍ശ് തന്നെയാണ് ഇതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ ജോജു ഫോണില്‍ ആദര്‍ശിനോട് പറയുന്നുണ്ട്. എന്നാല്‍ സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദര്‍ശും വ്യക്തമാക്കുന്നു. ഓഡിയോ വൈറല്‍ ആയതിന് പിന്നാലെ വിശദീകരണവുമായി ജോജുവും രംഗത്തെത്തി.

“ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്. കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീ​ഗ്രേഡിം​ഗ് നമ്മളെ വളരെ തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. അതിന് ശേഷം സിനിമയുടെ പ്രിന്‍റുകള്‍ വന്നു പല സൈറ്റുകളിലും. ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് നെ​ഗറ്റീവ് ആയിട്ട്. ഞാന്‍ ഒരാളെപ്പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്‍റെ സിനിമ ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമല്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്‍റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല. റിവ്യൂവിന്‍റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്”, ജോജു ജോര്‍ജ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ആദര്‍ശിന്‍റെ പ്രതികരണം ഇങ്ങനെ- “ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്”, ജോജുവിന്‍റെ ഫോണ്‍ കോളിന്‍റെ ഓഡിയോ സന്ദേശം പങ്കുവച്ചുകൊണ്ട് ആദര്‍ശ് കുറിച്ചിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *