രാഹുലിനെ രാജ്യം വിടാൻ സഹായിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

പൊലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിനാണ് പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ശരത് ലാലിന് സസ്പെൻഷൻ ലഭിച്ചത്.
ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച ഉത്തരവും ഇറക്കി.
പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാഹുലിന് ബംഗളൂരിവിലേക്ക് രക്ഷപ്പെടാനാണ് ശരത് ലാൽ സഹായം ചെയ്തത്. സംഭവ ദിവസം സിപിഒ ശരത് ലാലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടി ആയിരുന്നു . വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചിരുന്നു.
ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലിസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കിയെന്നാണ് റിപ്പോർട്ട്. പൊലിസിന്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദ്ദേശം നൽകി. ശരത് ലാലിന്റെ ഫോണ്‍ രേഖകള്‍ പൊലിസ് പരിശോധിച്ചിരുന്നു . കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത് ലാല്‍. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം,രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. കേസ് മെയ് 20നാണ് കോടതി പരിഗണിക്കുക. പരാതിക്കാരി ആദ്യം അമ്മയുടെയും സഹോദരിയുടെയും പേര് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇവരുടെ പേര് വരുന്നത്. ഇതൊരു മുറിയില്‍ രാത്രിയില്‍ നടന്ന സംഭവമാണ്. സംഭവത്തില്‍ യാതൊരു അറിവില്ലെന്നും എന്നിട്ടും തങ്ങളെ പ്രതികളാക്കാന്‍ പൊലിസ് ശ്രമിക്കുകയാണെന്നാണ് ഇവര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. അമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും അതിനാല്‍ പൊലിസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ നീക്കം ചെയ്യണമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.
അതിനിടെ, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം.