അടുത്ത വര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് രീതി നടപ്പാക്കിയേക്കും; മാറ്റത്തിന്റെ പാതയിൽ എസ്.എസ്.എല്‍.സി പരീക്ഷ

എസ്.എസ്.എല്‍.സി പരീക്ഷ രീതിയില്‍ മാറ്റത്തിന് ആലോചന. അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കണ്ടറിയിലേതിന് സമാനമായി മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു വിഷയത്തില്‍ വിജയിക്കണമെങ്കില്‍ എഴുത്ത് പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് മിനിമം മാര്‍ക്ക് രീതി. 40, 80 മാര്‍ക്കുള്ള വിഷയങ്ങള്‍ക്ക് യഥാക്രമം 12, 24 എന്നിങ്ങനെ മിനിമം സ്‌കോര്‍ എഴുത്ത് പരീക്ഷയില്‍ കണ്ടെത്തണമെന്ന രീതിയാണിത്.
അതേസമയം സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു.99.69 % വിജയം, 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്.
വൈകിട്ട് നാല് മണി മുതല്‍ ഫലം വെബ്സൈറ്റുകളില്‍ ലഭ്യമാകും. പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ ‘സഫലം 2024’ എന്ന മൊബൈല്‍ ആപ്പ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനും (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്.
എസ്.എസ്.എല്‍.സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.എസ്.എസ്.എസ്.എല്‍.സി സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.