കെഎസ്ആർടിസി ഡ്രൈവറെ കാറിലെത്തിയ സംഘം ഡിപ്പോയിൽ കയറി മർദിച്ചു

മർദനമേറ്റ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ എം.സി.പ്രദീപ്.
കെഎസ്ആർടിസി ബസിനെ കാറിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ബസിൽ നിന്ന് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചതായി പരാതി. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറായ മുണ്ടേരി മുക്കിനി സ്വദേശി എം.സി.പ്രദീപിനെ (44) ആണ് മർദിച്ചത്. തലയ്ക്ക് പരുക്കേറ്റ ഇയാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. യാത്രയ്ക്കിടെ കാറിൽ ബസ് ഉരസിയതായി ആരോപിച്ചാണ് സംഘം മർദിച്ചതെന്ന് പറയുന്നു. എന്നാൽ എന്താണ് അതിക്രമത്തിന് കാരണമെന്ന് അറിയില്ലെന്ന് ആശുപത്രിയിലുള്ള പ്രദീപ് പറഞ്ഞു. നിലമ്പൂർ ഡിപ്പോയിലായിരുന്ന പ്രദീപ് ഇന്നലെയാണ് സ്ഥലംമാറ്റം ലഭിച്ച് മലപ്പുറം ഡിപ്പോയിൽ ചുമതലയേറ്റത്.ഇന്നലെ രാത്രി ഒൻപതോടെ പെരിന്തൽമണ്ണ ഡിപ്പോയിലാണ് സംഭവം. മലപ്പുറത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു ബസ്. പെരിന്തൽമണ്ണ ബൈപാസ് പരിസരത്തു നിന്ന് ബസിനെ സംഘം കാറിൽ പിന്തുടർന്നെത്തിയതായാണ് പറയുന്നത്.
ബസ് ഡിപ്പോയിൽ നിർത്തി യാത്രക്കാരെ ഇറക്കി പാലക്കാട്ടേക്ക് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു ആക്രമണം. ഉടൻ തന്നെ ഇരുവരെയും ഡിപ്പോയിലെ ജീവനക്കാർ തടഞ്ഞു വച്ച് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബസ് ഡിപ്പോയിൽ നിർത്തിയിട്ടു