മുഖ്യമന്ത്രിക്കും സെക്രട്ടറിക്കുമെതിരെ കോട്ടയം ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമര്‍ശനം

കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഓളങ്ങള്‍ സി.പി.എമ്മില്‍ ഇനിയും അടങ്ങിയില്ല. കഴിഞ്ഞദിവസം നടന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം തീപാറുന്ന ചര്‍ച്ചയായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
നവകേരള സദസ്സ് വേദിയില്‍ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായെന്ന് കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മന്ത്രി എന്‍ വാസവന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ വിഷയം ആയുധമാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനങ്ങള്‍ ജനങ്ങള്‍ക്ക് വിശ്വസനീയമായിരുന്നില്ലെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. തെരഞ്ഞെടുപ്പിന് മുമ്പും പ്രചാരണ സമയത്തും ഗോവിന്ദന്‍ നടത്തിയ പത്രസമ്മേളനങ്ങള്‍ പാര്‍ട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്തില്ല. ഗോവിന്ദന്റെ പ്രസ്താവനകളും തിരിച്ചടിയായെന്നും അംഗങ്ങള്‍ വിലയിരുത്തി.
മന്ത്രിമാരായ എം.ബി രാജേഷ്, വീണാ ജോര്‍ജ് എന്നിവരുടെ പ്രകടനം ദയനീയമാണെന്നായിരുന്നു കമ്മിറ്റി വിലയിരുത്തിയ മറ്റൊരു കാര്യം. കെ.കെ ശൈലജ വഹിച്ച വകുപ്പിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്നും ഒരംഗം ചോദിച്ചു.പത്തനംതിട്ടയില്‍ തോമസ് ഐസക്ക് അനുയോജ്യനായ സ്ഥാനാര്‍ഥി ആയിരുന്നില്ല എന്നും രാജു ഏബ്രഹാം മത്സരിച്ചിരുന്നെങ്കില്‍ ജയ സാധ്യതയുണ്ടായിരുന്നെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.