യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു
ചേർത്തലയിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഉച്ചയോടെ ശ്യാമിന്റെ രണ്ടു വൃക്കുകളുടെയും പ്രവർത്തനം നിലച്ചിരുന്നു. തുടർന്ന് രാത്രിയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെയാണ് ഭർത്താവ്, ഭാര്യയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് – ബാലാമണി ദമ്പതികളുടെ മകൾ ആരതി (30) ആണ് മരിച്ചത്. പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.
രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാം ജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശ്യാം ജി ചന്ദ്രനും മരിച്ചു.
ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത് രണ്ട് കാരണങ്ങൾ മൂലമാണെന്ന് ശ്യാം ജി ചന്ദ്രൻ മൊഴി നൽകിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തുവെന്നുമാണ് മൊഴിയിലുള്ളത്. അതേസമയം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആരതിയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‍കരിച്ചു. ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് മൃതദേഹം എത്തിച്ചു. മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരതിയുടെ മകൻ ഇഷാൻ ചിതയ്ക്ക് തീ കൊളുത്തി.