ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ
തിരുവനന്തപുരം: ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ദ ഹിന്ദു വിശദീകരണം ആയുധമാക്കി വീണ്ടും കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടും. ഗവർണർ നടപടി കൂടുതൽ കടുപ്പിച്ചാൽ വാർത്താസമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിശ്വാസ്യത നഷ്ടമായെന്ന ഗവർണ്ണരുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് സിപിഎം വിലയിരുത്തൽ.
ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ പോരിൽ കടുക്കുന്നത് അധികാരതർക്കം കൂടിയാണ്. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താനടക്കം ഗവർണർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കാണിച്ചുതരാമെന്നാണ് ഗവർണ്ണറുടെ മറുപടി. രാജ് ഭവൻ അധികാരത്തിൽ നിയമവിദഗ്ധർക്കുള്ളത് പല അഭിപ്രായങ്ങളാണ്. ഗവർണർ ഭരണഘടന അനുഛേദം 167, കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ വിളിച്ചവരുത്താനും വിവരങ്ങൾ തേടാനും അധികാരമുണ്ടെന്ന് ഗവർണർ സമർത്ഥിക്കുന്നത്.
ഭരണഘടന അനുഛേദം 167 അനുസരിച്ച് ഭരണനിർവഹണത്തെയും നിയമനിർമാണത്തെയും സംബന്ധിക്കുന്ന വിവരങ്ങൾ ഗവർണർക്ക് മുഖ്യമന്ത്രിയോട് തേടാം. അതായത് ഗവർണറെ വിവരങ്ങൾ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിയാണ്. എന്നാൽ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനോ, മുഖ്യമന്ത്രിയെ മറികടന്ന് വിവരങ്ങൾ തേടാനോ ഗവർണർക്ക് കഴിയില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 മൂന്നും ഗവർണർക്ക് പ്രത്യേക അധികാരമൊന്നും നൽകുന്നില്ലെന്നാണ് നിയമവിദ്ഗരുടെ അഭിപ്രായം. വിവരങ്ങൾ തേടി ഗവർണർക്ക് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയോ നിയമസഭയുടെ അധികാരത്തിന് മുകളിൽ അല്ല ഗവർണറുടെ അധികാരം എന്നാണ് അഭിപ്രായം ഉയരുന്നത്. എന്നാൽ മറുപക്ഷം ചൂണ്ടിക്കാട്ടുന്നത് ഭരണഘടന അനുച്ഛേദം 154 ആണ്. സംസ്ഥാന സർക്കാരിന്റെ പരമാധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനോ വിവരങ്ങൾ ആരായാനോ അതിനാൽ ഗവർണർക്ക് അധികാരം കൽപ്പിച്ചുള്ള മറ്റൊരു ചട്ടം ചൂണ്ടിക്കാട്ടേണ്ടതില്ലന്നാണ് ഇക്കൂട്ടരുടെ വാദം.