Cancel Preloader
Edit Template

കാക്കിക്കുള്ളിലെ പൂ മനസ്സ് ‘:പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂക്കൃഷി

 കാക്കിക്കുള്ളിലെ പൂ മനസ്സ് ‘:പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂക്കൃഷി

കോഴിക്കോട് :ഒരുകാലത്ത് ഐപിസിയും സിആർപിസിയും നിറഞ്ഞുനിന്ന പൊലീസ് സ്റ്റേഷൻ പരിസരത്ത് പൂക്കൾ പൂത്തുവിടർന്നു നിൽക്കുകയാണ്. പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂക്കൃഷി വിളവെടുക്കാൻ‍ ഒരുങ്ങി. നഗരപരിധിയിലെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നിയമപാലകർ ഉദ്യാനപാലകരായത്.ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥലം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഈ സ്ഥലം വൃത്തിയാക്കി കൃഷിയിറക്കിയാലോ എന്നാണ് ആദ്യം ആലോചിച്ചതെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.കിരൺ പറഞ്ഞു.

സ്റ്റേഷനിലെ പൊലീസുകാരായ ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ വലിയമണ്ണിൽ വി.ഷിജു, പുളിക്കുപറമ്പിൽ സിബീഷ് എന്നിവർക്ക് നാട്ടിൽ വാഴക്കൃഷിയും നെല്ലും കൃഷി ചെയ്ത് നല്ല പരിചയമുണ്ട്. ഇരുവരുടെയും നേതൃത്വത്തിൽ കൃഷിയിറക്കാൻ തീരുമാനിച്ചു. ഓണം ലക്ഷ്യമിട്ട് പൂകൃഷി തുടങ്ങിയാലോ എന്ന ആലോചന വന്നു. വെള്ളന്നൂരിലെ ഹൈബ്രിഡ് നഴ്സറിയിൽനിന്ന് ഒരു തൈക്ക് 5 രൂപ നിരക്കിൽ 250 ചെണ്ടുമല്ലി തൈകൾ വാങ്ങി. ജൂൺ 21ന് ആണ് തൈകൾ നട്ടത്. കസബ കൃഷിഭവനിലെ കൃഷി ഓഫിസർ കെ.ഹരിനാരായണൻ സഹായവുമായെത്തി. അത്തമെത്തുന്നതിനു മുൻപുതന്നെ സ്റ്റേഷൻപറമ്പ് പൂത്തുനിറഞ്ഞു.

സിറ്റി പൊലീസിൽ പൂ ആവശ്യപ്പെടുന്ന പൊലീസുകാർക്ക് വിൽക്കാനാണ് പദ്ധതി. പൂക്കൃഷി കഴിഞ്ഞാൽ കൃഷിയിറക്കാനാണ് പദ്ധതിയെന്ന് എസ്എച്ച്ഒ കിരൺ പറഞ്ഞു. വിഷുവിന് കണിവെള്ളരി കൃഷി ഇറക്കാനും പദ്ധതിയുണ്ട്. ഇന്നു രാവിലെ കമ്മിഷണർ ടി.നാരായണൻ പൂക്കൃഷി വിളവെടുക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *