പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ഓടയിൽ ഒളിച്ച മോഷ്ടാവിനെ ‘പൊക്കി’ ഫയർഫോഴ്സ്
കായംകുളം: പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഒാക്സിജൻ സിലിണ്ടറടക്കമുള്ള സുരക്ഷാ സന്നാഹങ്ങളുമായി സാഹസികമായി പിടികൂടി അഗ്നിരക്ഷാസേന. തമിഴ്നാട് കടലൂർസ്വദേശി രാജശേഖരൻ ചെട്ടിയാരെയാണ് ഓടയ്ക്കുള്ളിൽ നിന്ന് പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സ്റ്റേഷന് സമീപമുള്ള വീട്ടിൽ രാത്രി മോഷണത്തായി എത്തിയ ഇയാളെ വീട്ടുകാർ കണ്ടു. ഉടൻ തന്നെ പൊലിസിനെ അറിയിച്ചു.
പൊലിസ് പട്രോളിങ് സംഘം എത്തിയപ്പോൾ ഓടി റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ഓടയിൽ ഒളിച്ചു. ഓടയിലിറങ്ങി പിടികൂടാൻ പൊലിസ് ശ്രമിച്ചെങ്കിലും കാണാൻ കഴിയാത്ത വിധം ഇയാൾ ഓടയ്ക്കുള്ളിലേക്ക് കയറി. തുടർന്നാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. അഗ്നിരക്ഷാ സേന ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ അഗ്നിരക്ഷാ സേനാംഗങ്ങൾ ഓടയ്ക്കുള്ളിൽ കയറി അതിസാഹസികമായാണ് പ്രതിയെ പുറത്തെത്തിച്ചത്. അസി. സ്‌റ്റേഷൻ ഓഫിസർ ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ മുകേഷ്, വിപിൻ, രാജഗോപാൽ, ഷിജു.ടി. സാം, ദിനേശ്, സജിൻ എന്നിവരടങ്ങുന്ന സംഘമാണ് കള്ളനെ ഓടക്കകത്ത് നിന്ന് പുറത്തെത്തിച്ചത്.