തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കല്‍ പ്രായോഗകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കണമെന്ന ഇന്‍ഡ്യാ മുന്നണിയുടെ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഇന്‍ഡ്യ കഴിഞ്ഞ ദിവസം കമ്മീഷനെ സമീപിച്ചത്. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കുക പ്രായോഗികമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കും എന്നത് അടിസ്ഥാനരഹിതമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണല്‍ ഉള്‍പെടെ വോട്ടെണ്ണല്‍ സുതാര്യമാക്കാന്‍ നിരവധി ആവശ്യങ്ങളാണ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ അവതരിപ്പിച്ചത്. വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ചിത്രീകരിക്കണമെന്ന് ആവശ്യങ്ങളിലുണ്ട്. കണ്‍ട്രോള്‍ യൂണിറ്റിലെ തിയതികളും സമയവും പരിശോധിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികളുടെ പരാതികള്‍ക്ക് നിരീക്ഷകര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഇന്‍ഡ്യാ സഖ്യ നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മുന്‍വര്‍ഷങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നു. എന്നാല്‍ അത്തരം സാഹചര്യം ഇനി ഉണ്ടാകരുതെന്നും നേതാക്കള്‍ കമ്മിഷനോട് ആവശ്യപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയുടെ നേതൃത്വത്തിലുള്ള മുന്നണി നേതാക്കള്‍ ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. സല്‍മാന്‍ ഖുര്‍ഷിദ് (കോണ്‍ഗ്രസ്), രാംഗോപാല്‍ യാദവ് (എസ്.പി), സീതാറാം യെച്ചൂരി (സി.പി.എം), ഡി.രാജ (സി.പി.ഐ) എന്നിവരും സംഘത്തിലുണ്ടായിരുന്നു.