രാജ്യം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ; ചെങ്കോട്ടയിൽ പതാക ഉയർത്തി മോദി
ദില്ലി: 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.