എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ദുഃഖം താങ്ങാനാകാതെ ഉറ്റവർ, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ അന്തിമാഞ്ജലി. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അർപ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം അർപ്പിക്കാനെത്തി.
കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് എൻ രാമചന്ദ്രന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.
മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തന്‍റെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കൂട്ടിച്ചേര്‍ത്തു.