Cancel Preloader
Edit Template

ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

 ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ആലപ്പുഴ : ആലപ്പുഴയിലും സര്‍ക്കാര്‍ ഓഫിസിലെ ശുചിമുറിയില്‍ അപകടം. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലെ ബാത്ത് റൂമിലെ കോണ്‍ക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗല്‍ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രാജീവ് അപകടത്തില്‍ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ആലപ്പുഴ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫിസില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു രാജീവ്. ശുചിമുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്.

ഇന്നലെ സെക്രട്ടറിയേറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ സെക്രട്ടേറിയറ്റ് അനക്സ് 1ലെ ഒന്നാംനിലയിലാണ് അപകടമുണ്ടായത്. കാലിന് ഗുരുതര പരുക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ കാലില്‍ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. ക്ലോസറ്റിന്റെ പകുതി ഭാഗംവച്ചാണ് തകര്‍ന്നത്. പുറത്തുവന്ന ചിത്രങ്ങളില്‍ ശുചിമുറിയുടെ വാതിലിന്റെ കൊളുത്ത് കെട്ടിവച്ച നിലയിലാണെന്നും വ്യക്തമാണ്.

സെക്രട്ടേറിയറ്റ് പ്രധാന കെട്ടിടത്തിലെയും അനക്സ് ഒന്നിലെയും ശുചിമുറികള്‍ പലതും ശോച്യാവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറയുന്നു. കുറ്റിപോലും ഇല്ലാത്തതിനാല്‍ പലതിന്റെയും വാതിലുകള്‍ കയറുകൊണ്ട് കെട്ടിവച്ചിരിക്കുകയാണ്. ഒരു മാസം മുന്‍പ് ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ സീലിങ് ഇളകി വീണ് അഡിഷനല്‍ സെക്രട്ടറിക്ക് പരുക്കേറ്റിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന അതേ കെട്ടിടത്തിലാണ് ഇന്നലെ അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ ക്ലോസറ്റിന് അധികം പഴക്കമില്ലെന്നാണ് സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ പ്രതികരണം. അപകടത്തിനു പിന്നാലെ സെക്രട്ടേറിയറ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുണ്ടാകുന്ന അലംഭാവത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കോടികള്‍ ചെലവഴിച്ച് മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുമ്പോള്‍ ഭരണസിരാകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകുന്നില്ലെന്നാണ് ജീവനക്കാര്‍ക്കിടയില്‍ നിന്നുയരുന്ന വിമര്‍ശനം.

Related post

Leave a Reply

Your email address will not be published. Required fields are marked *