ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലയിടത്തുമായി കുടുങ്ങിപ്പോയവരെ രക്ഷിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പുണ്ടെങ്കില്‍ പോലും അത് കണ്ടെത്തി സംരക്ഷിക്കാനാണ് സ്വജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.
215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 87 സ്ത്രീകളും 98 പുരുഷന്മാരുമാണ്. 30 കുട്ടികള്‍ക്കും ജീവന് നഷ്ടമായി. 148 മൃതദേഹങ്ങള്‍ കൈമാറിയിട്ടുണ്ട്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വയനാട്ടില്‍ 93 ക്യാമ്പുകളിലായി 10,042 പേരുണ്ട്. ചൂരല്‍മലയിലെ 10 ക്യാമ്പുകളില്‍ 1707 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാര്‍ പുഴയില്‍ നിന്നും ലഭിക്കുന്ന ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയത്. തെരച്ചില്‍ ഇന്നും ഊര്‍ജ്ജിതമായി നടക്കുകയാണ്. 11 മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. മൃതദേഹം കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെത്തിക്കും. ചാലിയാറില്‍ അടക്കം തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.