Cancel Preloader
Edit Template

വീണിടത്ത് ഉരുണ്ട് മുഖ്യമന്ത്രി, ദി ഹിന്ദു വിശദീകരണം തള്ളി

 വീണിടത്ത് ഉരുണ്ട് മുഖ്യമന്ത്രി, ദി ഹിന്ദു വിശദീകരണം തള്ളി

തിരുവനന്തപുരം: ‘ദി ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. എന്നാൽ ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിവാദ അഭിമുഖത്തിൽ ദി ഹിന്ദു നടത്തിയ വിശദീകരണം തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു സുബ്രഹ്മണ്യൻ വഴി അഭിമുഖത്തിനു സമീപിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ പിആർ ഏജൻസിയുമായുള്ള ബന്ധത്തിൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ദി ഹിന്ദു ദിനപത്രത്തിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ഹിന്ദുവും മാധ്യമങ്ങളുമായുള്ള മത്സരത്തിൽ തന്നെ കരുവാക്കേണ്ടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഒഴിഞ്ഞു മാറൽ.

മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പിആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ സിപിഐ ഉൾപ്പെടെ മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

അതിനിടെ, മുഖ്യമന്ത്രിക്കും കെ‍ടി ജലീലിനുമെതിരെ വിമർശനവുമായി വീണ്ടും പിവി അൻവർ എംഎൽഎ രം​ഗത്തെത്തി. മലപ്പുറം സ്വർണക്കള്ളക്കടത്തിൻ്റെ കേന്ദ്രമെന്നും പണം ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും ഓഫീസിനും മാത്രമാണ്. ഒരു സമുദായത്തെ മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചതെങ്കിൽ ആരോപണം എല്ലാവരേയും ബാധിക്കില്ലേ. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം അതിനു തയ്യാറല്ലങ്കിൽ മാപ്പു പറയാനെങ്കിലും തയ്യാറാവണമെന്നും പിവി അൻവർ പറഞ്ഞു. പിആറിൽ സിപിഎമ്മിൽ നാൽപത് അഭിപ്രായങ്ങളുണ്ട്. പറയാൻ ആർക്കും ധൈര്യമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് പി ശശിയേയും എംആർ അജിത്ത് കുമാറിനേയും ഭയമാണ്. പാർട്ടിക്ക് പിണറായി വിജയനേയും പേടിയാണ്. ത്രിപുരയിലേക്കും പശ്ചിമ ബംഗാളിലേയും സ്ഥിതിയിലേക്കാണ് സിപിഎം പോകുന്നതെന്നും അൻവർ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *