Cancel Preloader
Edit Template

ക്യാമറയുടെ ബാറ്ററി തീർന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിയുതിർത്ത് ക്രൂരത

 ക്യാമറയുടെ ബാറ്ററി തീർന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിയുതിർത്ത് ക്രൂരത

ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീർന്നുപോയതിനെ തുടർന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകിയത്. എന്നാൽ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.ബിഹാറിലെ ധർബംഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സുശീൽ കുമാർ സഹ്നി എന്ന 22 വയസുകാരനെ അതേ ഗ്രാമത്തിൽ തന്നെയുള്ള രാകേഷ് സഹ്നി എന്നയാൾ തന്റെ മകളുടെ ജന്മദിനാഘോഷം വീഡിയോയിൽ പകർത്തുന്നതിന് വിളിച്ചിരുന്നു.

എന്നാൽ പരിപാടിക്കിടെ ക്യാമറയുടെ ബാറ്ററി തീർന്നുപോയതിനാൽ സുശീലിന് മുഴുവൻ ചിത്രീകരിക്കാനായില്ല. കുപിതനായ രാകേഷ് യുവാവിനെ അസഭ്യം പറയുകയും തൊട്ടുപിന്നാലെ തോക്കെടുത്ത് വായിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് എമ‍ർജൻസി റൂമിലേക്ക് കൊണ്ടുപോയതും ചികിത്സ നൽകിയതും. എന്നാൽ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാർ പ്രദേശത്തെ പ്രധാന റോഡ് ഉപരോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇരുവശത്തേക്കും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ അച്ഛൻ പരാതി നൽകിയത് പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Related post

Leave a Reply

Your email address will not be published. Required fields are marked *