10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണ കമ്മൽ കവർന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35) നെയാണ് അന്വേഷണസംഘം ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലിസ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആന്ധ്രപ്രദേശ് കുർണ്ണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അന്വേഷണ സംഘം കുടക് സ്വദേശിയായ സലിമിനെ പിടികൂടിയത്. അഡോണിയിൽനിന്നും ബെംഗളൂരുവിലേക്ക് പോകാനായിരുന്നു പ്രതിയുടെ പരിപാടി. സ്റ്റേഷൻ സമീപത്തുള്ള ഹോട്ടലിൽനിന്നു മൽപിടിത്തത്തിലൂടെയാണ് മഫ്തിയിൽ എത്തിയ പൊലിസ് സംഘം പിടികൂടിയത്.
മദ്യപിച്ച് വീണുകിടന്നിരുന്ന ഒരാളുടെ ഫോൺ സംഘടിപ്പിച്ച് ഇയാൾ രണ്ട് സഹോദരിമാരെയും സുഹൃത്തുക്കളെയും വിളിച്ചതാണ് പൊലിസ് സംഘത്തിന് പ്രതിയുടെ ലൊക്കേഷൻ അറിയാൻ എളുപ്പമാക്കിയത്. എന്നാൽ ഈ നമ്പറിന്റെ ലൊക്കേഷൻ പൊലിസ് കണ്ടെത്തിയെങ്കിലും ഇത് സ്വിച്ച് ഓഫ് ആയി. പിന്നീട് പ്രതി ആറിലേറെ നമ്പറുകളിൽനിന്ന് ഇയാൾ നാട്ടിലേക്ക് വിളിച്ചു. എല്ലാത്തിന്റെയും ലൊക്കേഷൻ ആന്ധ്രയിലെ അഡോണി ആയിരുന്നു. ഇതോടെ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. കൃത്യം നടന്ന ദിവസവും പിടിയിലായ ദിവസവും ഇയാൾ ധരിച്ചിരുന്നത് ഒരേ വസ്ത്രമായതും പ്രതിയെ തിരിച്ചറിയുന്നത് എളുപ്പമാക്കി.
കർണാടക–ആന്ധ്രാ അതിർത്തിയിലെ റായ്ച്ചൂരിൽ ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു. അന്ന് അവിടെവച്ച് പരിചയപ്പെട്ട പെൺസുഹൃത്ത് താൽക്കാലിക അഭയം നൽകുമെന്ന പ്രതീക്ഷയിലാണു പോയത്. എന്നാൽ പൊലിസ് പിന്നാലെ ഉണ്ടെന്ന് അറിഞ്ഞതോടെ ഇയാൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലുള്ള മറ്റൊരു പെൺസുഹൃത്തിന്റെ അടുത്തേക്കാണ് ഇയാൾ പോകാൻ ഒരുങ്ങിയിരുന്നത്.
ഈ മാസം 15ന് പുലർച്ചെയാണ് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു സ്വർണാഭരണം തട്ടിയെടുത്തത്. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ വീടിന് പുറത്തേക്ക് എടുത്ത് കൊണ്ടുപോയായിരുന്നു അതിക്രമം നടത്തിയത്. മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം.
ഡി.ഐ ജി തോംസൺ ജോസിൻ്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും മേൽനോട്ടത്തിൽ മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 32 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.