Cancel Preloader
Edit Template

ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു

 ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു

വിഷം കഴിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. കുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണ് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ഒരു സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളിൽ ചിലർ പുകയില ഉത്പന്നങ്ങൾ സ്കൂളിലേക്ക് കൊണ്ടു വരുന്നതായി അധ്യാപകർക്കു വിവരം ലഭിച്ചിരുന്നു. അത്തരത്തിൽ കഴിഞ്ഞ അഞ്ചാം തിയ്യതി ആത്മഹത്യ ചെയ്ത കുട്ടിയും സ്‌കൂളിൽ പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകൻ നടത്തിയ പരിശോധനയിൽ പുകയില കണ്ടെത്തി.

പുകയില ഉത്‌പന്നം സഹപാഠികളിൽ ഒരാൾ എൽപ്പിച്ചതാണെന്നു കുട്ടി അധ്യാപകരോട് പറഞ്ഞു. ഇതനുസരിച്ചു രണ്ട് കുട്ടികളുടെയും രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയിച്ച ശേഷം വിട്ടയച്ചു. ഇതിന് പിന്നാലെ, വൈകുന്നേരമാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനായി കുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.

അതേസമയം, കുട്ടിയുടെ പക്കൽ നിന്ന് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയെന്നും രക്ഷിതാക്കളെ വിവരം അറിയിച്ചതായും സ്‌കൂൾ അധികൃതർ പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയെ അവരുടെ ഒപ്പം പറഞ്ഞ് വിടുകയും ചെയ്തതെന്നാണ് സ്കൂളധികൃതരുടെ വിശദീകരണം. രണ്ടു പേർക്കെതിരെയും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സ്കൂൾ വ്യക്തമാക്കി.

ഇതിനിടെ, ആശുപത്രിയിൽ ചികിൽസയിലിരിക്കെ കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനെക്കൊണ്ട് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് ലഭിക്കാൻ അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു. ഈ മൊഴിപ്പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *