തരൂർ വീണ്ടും വിദേശ പര്യടനത്തിൽ, യുകെയും റഷ്യയും സന്ദർശിക്കും; പാർട്ടിയെ അറിയിക്കാതെ യാത്ര

ദില്ലി : കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോൺഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.
അതേ സമയം, ശശി തരൂരിന്‍റെ പ്രതിഷേധ നിലപാടില്‍ മറ്റ് നേതാക്കൾ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. തരൂരിന്‍റെ പ്രസ്താവനകള്‍ അവഗണിക്കാനാണ് ഹൈക്കാമാന്‍ഡ് തീരുമാനം. പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന് തുറന്ന് പറയാന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിനം തന്നെ ശശി തരൂര്‍ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നാണ് ഹൈക്കമാന്‍ഡ് നേതൃത്വം കരുതുന്നത്. ആര്‍എസ്എസ് ബന്ധം ഉന്നയിച്ച് വോട്ടെടുപ്പ് ദിനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി നിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വന്തം പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന നിലപാട് തരൂര്‍ സ്വീകരിച്ചത്. തരൂരിന്‍റെ പരസ്യപ്രസ്താവനയില്‍ ഹൈക്കമാന്‍ഡ് നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്.
എന്നാല്‍ തരൂരിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യൃത്തില്‍ നേതൃനിരയില്‍ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി ലൈന്‍ നിരന്തരം ലംഘിക്കുന്ന തരൂര്‍ എന്ത് പറഞ്ഞാലും അവഗണിക്കുകയെന്ന പതിവ് നിലപാട് തുടരാനാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. തന്‍റെ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുന്നില്ലെന്നെന്ന പരാതി തരൂര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസം മുന്‍പ് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ പാര്‍ട്ടിക്ക് മോശമാകുന്നതൊന്നും ചെയ്യില്ലെന്ന ഉറപ്പ് തരൂര്‍ നല്‍കിയിരുന്നു. പക്ഷേ ഓപ്പറേഷന്‍ സിന്ദൂറിലടക്കം തരൂര്‍ നിരന്തരം ആ ലൈന്‍ വിട്ട് പെരുമാറന്നതാണ് കണ്ടത്.
അച്ചടക്ക നടപടി സ്വീകരിക്കാനുള്ള എല്ലാ വകുപ്പുകളുമുണ്ടെങ്കിലും, അതും ഒരവസരമാക്കി തരൂര്‍ മാറ്റുമെന്നാണ് നേതാക്കള്‍ കരുതുന്നത്. അതുകൊണ്ട് കരുതലോടെ മാത്രമാകും നീക്കം. തരൂർ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് ദേശീയ നേതാക്കള്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തരൂരിന്‍റെ തുടര്‍ നീക്കങ്ങള്‍ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലമ്പൂര്‍ പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന ആക്ഷേപം പതിവ് രീതി ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് വൃത്തങ്ങളും തള്ളുന്നുണ്ട്. താരപ്രചാരകരുടെ പട്ടികയില്‍ വന്നാല്‍ അതാതിടങ്ങളിലെ നേതൃത്വവുമായി സംസാരിച്ച് പ്രചാരണ തീയതിയും സമയവും നിശ്ചയിക്കുകയാണ് പതിവ്. എന്നാല്‍ തരൂര്‍ അതിന് മെനക്കെട്ടിട്ടില്ല. പാര്‍ട്ടി വിടാനുള്ള ഒരു നീക്കവും തരൂരിനില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. തന്‍റെ നിലപാട് ഹൈക്കമാന്‍ഡിനോട് വിശദീകരിക്കാന്‍ തരൂര്‍ താല്‍പര്യപ്പെടുന്നുണ്ട്. കൂടിക്കാഴ്ചക്ക് ഹൈക്കമാന്‍ഡ് തയ്യാറാകുമോയോന്ന് കാര്യം വ്യക്തമല്ല.